നിലമ്പൂര്‍: ഉരുള്‍പ്പൊട്ടലിനും മലവെള്ളപ്പാച്ചിലിനും പിന്നാലെ അനുഭവപ്പെട്ട പ്രകമ്പനത്തില്‍ ഭീതിയൊഴിയാതെ മലപ്പുറം മമ്പാട് നിവാസികള്‍. മമ്പാട് പൊങ്ങല്ലൂരില്‍ പൂച്ചപ്പറക്കുന്നിലാണ് ഭൂമിക്കുലുക്ക ഭീഷണി നിലനില്‍ക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാത്രി മുതല്‍ നാടിനെ ഭീതിയിലാഴ്്ത്തുന്ന രീതിയിലുണ്ടായ ശബ്ദം ഭൂമി കുലുക്കത്തിന്റേതല്ലെന്നാണ് ജിയോളജി വകുപ്പിന്റെ വിശദീകരിച്ചു. ഭൂഗര്‍ഭ ജലത്തിന്റെ കുത്തൊഴുക്ക് കാരണമാണ് ശബ്ദമുണ്ടാകുന്നതെന്നാണ് സ്ഥലം സന്ദര്‍ശിച്ച ജിയോളജി ഉദ്യോഗസ്ഥര്‍ പറയുന്നത്. മഴക്കു ശമനമുണ്ടെങ്കിലും ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദം ഭീതിത അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്ത് 45 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ 25 കുഴല്‍ കിണറുകള്‍ ഉള്ളതായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
കുഴല്‍ക്കിണര്‍ സാന്നിധ്യവും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചതും ഭൂഗര്‍ഭ ജലത്തിന്റെ കുത്തൊഴുക്ക് വര്‍ധിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുന്നിന് മുന്‍വശത്ത് ചാലിയാര്‍പുഴയാണ്. പിന്നില്‍ വലിയ തോടുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ക്വാറി പ്രവര്‍ത്തിച്ചതു കാരണം പാറകള്‍ക്കു വിള്ളല്‍ സംഭവിച്ചിട്ടുണ്ടാകുമെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്. ചിലതിന് ബലക്ഷയം വരാനും സാധ്യതയുണ്ട്. ചാലിയാര്‍ നിറഞ്ഞൊഴുകുന്നതിനാല്‍ കുന്നിന്റെ ഒരു ഭാഗത്തു നിന്ന് മറുഭാഗത്തേക്ക് ഭൂഗര്‍ഭജലം ഒഴുകുന്നതിന്റെ ശബ്ദമാവാം ആളുകള്‍ കേട്ടതെന്ന നിഗമനത്തിലാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍. വിശദമായ പരിശോധന ഈ മേഖലയില്‍ നടത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതോടൊപ്പെം അവിടെ നിര്‍മിച്ച കുഴല്‍ കിണറുകള്‍ നിയമവധേയമല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് ഇത്രയധികം കുഴല്‍ കിണറുകള്‍ നിര്‍മിച്ചത് നിലവിലുള്ള സന്തുലിതാവസ്ഥ തകിടം മറിക്കുമെന്ന് അവര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി മുതലാണ് നാടിനെ ഭീതിയിലാഴ്ത്തി ഭൂമിക്കുള്ളില്‍ നിന്ന് അസാധാരണ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. ഇതോടെ ഉരുള്‍പ്പൊട്ടലാകാമെന്നു കരുതി വീടുകളില്‍ നിന്നും ആളുകള്‍ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. ഇന്നലെ പകലും ശബ്ദപ്രതിഭാസം തുടര്‍ന്നതോടെ പൂച്ചപ്പറക്കുന്നിലെ കുടുംബങ്ങളോട് വീട് ഒഴിഞ്ഞു പോകാന്‍ റവന്യൂവകുപ്പ് ആവശ്യപ്പെട്ടിരുന്നു. താണിയംപാടന്‍ സൈതുമുഹമ്മദിന്റെ വീടിന്റെ മുന്‍ഭാഗത്തുള്ള ചുമരിലാണ് വിള്ളല്‍ വീണത്. ശബ്ദത്തോടൊപ്പം വീട് കുലുങ്ങിയതു പോലെ അനുഭവപ്പെട്ടെന്ന് വീട്ടുകാര്‍ പറയുന്നു. അയല്‍വാസികളായ വാളപ്ര മറിയക്കുട്ടി, പനനിലത്ത് റഷീദ് എന്നിവരുടെ വീടുകള്‍ക്ക് പിന്‍വശത്ത് മണ്ണിടിഞ്ഞ് വീടിനു ഭീഷണിയായിട്ടുണ്ട്.