കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരക്കൊപ്പമെന്ന് നടന്‍ മമ്മുട്ടി. അമ്മയുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കടവന്ത്രയിലുള്ള മമ്മുട്ടിയുടെ വീട്ടിലായിരുന്നു അമ്മയുടെ അടിയന്തിരയോഗം.
അമ്മ ജനറല്‍ബോഡിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സംഭവം യാദൃശ്ചികമായി സംഭവിച്ചതാണെന്ന് മമ്മുട്ടി പറഞ്ഞു. എല്ലാത്തിനും മാപ്പുചോദിക്കുന്നു. നടന്‍ ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് മമ്മുട്ടി അറിയിച്ചു. ഒറ്റക്കെട്ടായാണ് ഇത് തീരുമാനിച്ചത്. ഇതുവരെ ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പം തന്നൊയായിരുന്നു. ഇനിയും സഹോദരിക്കൊപ്പം തന്നെ ആയിരിക്കും. ആദി മുതല്‍ തന്നെ സര്‍വാത്മനാ ഉള്ള പിന്തുണ നടിക്ക് നല്‍കിയിട്ടുണ്ട്. അമ്മ പ്രതിഷേധയോഗം കൂടിയിട്ടുണ്ട്. ഇനി മുമ്പോട്ടും അങ്ങനെതന്നെയായിരിക്കും. അമ്മ ഒരിക്കലും പ്രത്യേക പക്ഷത്തേക്ക് ചേര്‍ന്നിട്ടില്ല. ഭാരവാഹികള്‍ അംഗങ്ങള്‍ക്കുവേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസിനെക്കുറിച്ച് കഴിഞ്ഞ അമ്മയോഗത്തില്‍ പ്രതികരിക്കാതിരിക്കുന്നത് പോലീസ് നടപടി വരുന്നതിനായി കാത്തുനിന്നതാണ്. അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ എക്‌സിക്യൂട്ടീവില്‍ അഴിച്ചുപണി ആലോചിക്കാമെന്നും മമ്മുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു സംഘടനയെന്ന നിലയില്‍ സിനിമയില്‍ ക്രിമിനലുകളെ മനസ്സിലാക്കാന്‍ പരിമിതികളുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മമ്മുട്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും താരങ്ങള്‍ പതറുന്ന കാഴ്ച്ചയാണ് കണ്ടത്. ഒരുവേള മോഹന്‍ലാലും ചോദ്യങ്ങളെ നേരിടാനാവാതെ നിന്നു.