X

മമ്മൂട്ടിക്ക് സ്വന്തമായിരുന്ന റെക്കോര്‍ഡ് ഇനി മോഹന്‍ലാലിനും

മോളിവുഡിലെ മെഗാതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. രണ്ടു പേരും ഒന്നിച്ചും അല്ലാതെയും അഭിനയിച്ച സിനിമകള്‍ സിനിമാ ലോകം നെഞ്ചേറ്റിയതാണ്. മലയാളക്കരക്ക് ഓര്‍ത്തുവെക്കാവുന്ന ഒരു പിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന്മാര്‍ കൂടിയാണ് ഇവര്‍. രണ്ടു പേരുടെയും ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയപ്പോഴെക്കെ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. തോപ്പില്‍ ജോപ്പനും പുലിമുരുകനുമാണ് രണ്ടുപേരുടെയും അവസാനം റിലീസായ ചിത്രങ്ങള്‍. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയതുള്‍പ്പെടെ ചില റെക്കോര്‍ഡുകള്‍ ഇവര്‍ തമ്മിലുണ്ട്. അതിലൊന്നാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. അത് കൂടുതല്‍ ലഭിച്ചത് മമ്മൂട്ടിക്കാണ്.

ഇതൊടൊപ്പം തന്നെ ഒരു നായകകഥാപാത്രത്തെ കൂടുതല്‍ തവണ ആവര്‍ത്തിച്ച നടനും മമ്മൂട്ടിയാണ്. സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസറെയാണ് നാല് ചിത്രങ്ങളിലായി മമ്മൂട്ടി അവതരിപ്പിച്ചത്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളിലാണ് അത്. ഒരെ കഥാപാത്രത്തെ നാല് തലവണ അവതരിപ്പിക്കുന്നു എന്ന മമ്മൂട്ടിയുടെ റെക്കോര്‍ഡ് ഇനി മോഹന്‍ലാലിനും സ്വന്തമാവുകയാണ്. മേജര്‍ മഹാദേവന്‍ എന്ന സൈനിക ഉദ്യോഗസ്ഥനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

മേജര്‍ രവിയുടെ ആദ്യ ചിത്രമായ കീര്‍ത്തിചക്രയിലാണ് മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് കുരുക്ഷേത്ര, വിമാനറാഞ്ചല്‍ പ്രമേയമായ കാന്ധഹാര്‍ എന്നീ ചിത്രങ്ങളിലും മോഹന്‍ലാല്‍ മേജര്‍ മഹാദേവനെ അവതരിപ്പിച്ചു. മേജര്‍ രവിയുടെ സംവിധാനത്തില്‍ 1971 ബിയോണ്ട് ദ ബോര്‍ഡര്‍ എന്ന പുതിയ ചിത്രം തുടങ്ങുമ്പോള്‍ മമ്മൂട്ടിയുടെ പേരിലുള്ള അപൂര്‍വ്വ നേട്ടത്തിന് മോഹന്‍ലാലും ഉടമയാകും. മേജര്‍ രവിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. അതേസമയം സി.ബി.ഐ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

chandrika: