X

‘മമ്പുറം ഫസൽ തങ്ങൾ’ പുസ്തക പ്രകാശനം ഇന്ന്

അശ്റഫ് ആളത്ത്

ദമ്മാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച
‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ഇന്ന് ദമ്മാമിൽ നടക്കും. പ്രമുഖ ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണിയാണ് പ്രകാശനകർമ്മം നിർവഹിക്കുന്നത്.

അദ്ദേഹം ദമ്മാമിൽ എത്തിച്ചേർന്നതായി സംഘാടക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.ഗ്രന്ഥകാരൻ പി. എ. എം ഹാരിസ്, സംഘാടക സമിതി നേതാക്കളായ മാലിക് മഖ് ബൂൽ,നജീം ബശീർ,നാച്ചു അണ്ടോണ എന്നിവർ ചേർന്ന് ഡോ. ഹുസൈൻ രണ്ടത്താണിയെ കിംഗ് ഫഹദ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇന്ന് (വെള്ളി )രാത്രി 8 മണിക്ക് ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിലാണ് പരിപാടി.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസ് ദമാം ചാപ്റ്റർ ആണ് സംഘാടകർ.

18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചുള്ളതാണ് ഇന്ന് പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകം.ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിനു നാട് വിടേണ്ടി വന്ന വിപ്ലവകാരി,ഉസ്മാനിയാ സുൽത്താന്റെ മന്ത്രിയായ മലയാളി,ഹിജാസ് റെയിൽ പാത യുടെ ആശയം നൽകിയ വ്യക്തി, ഒമാനിൽ ദുഫാർ പ്രവിശ്യ ഗവർണർ ആയ മലയാളി തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ കൂടി യായ മമ്പുറം ഫസൽ തങ്ങൾ.

കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസാധകർ.പ്രകാശന ചടങ്ങിൽ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.

webdesk14: