കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ‘കൈകളില്‍ രക്തം പുരണ്ട ഒരു പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി നടത്തിയതോടെ മോദിയും ഷായും അട്ടിമറിക്ക് ശ്രമിക്കുകയാണ്. ഞങ്ങള്‍ അധികാരത്തില്‍ വന്നശേഷമാണ് ചിട്ടി അഴിമതിക്കേസില്‍ കമ്പനി ഉടമകളെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതും ഈ സര്‍ക്കാറാണ്’-കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെ വസതിക്ക് മുന്നില്‍ രാത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മമത മോദിക്കും ബി.ജെ.പി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ചത്.
ഇതിനിടെ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ മമതക്ക് പിന്തുണയുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, മായാവതി, ശരത് പവാര്‍, അരവിന്ദ് കെജരിവാള്‍, ഉമര്‍ അബ്ദുള്ള, ചന്ദ്രബാബു നായിഡു, എം.കെ സ്റ്റാലിന്‍, എച്ച്.ഡി കുമാരസ്വാമി തുടങ്ങിയവര്‍ മമതക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
അതിനിടെ ബംഗാള്‍ സര്‍ക്കാറിനെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു. ബംഗാളില്‍ അസാധാരണ സാഹചര്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഹര്‍ജി നാളെ പരിഗണിക്കും.