X

‘ഏറ്റുമുട്ടല്‍’ സിദ്ധാന്തം അംഗീകരിക്കാനാവില്ലെന്ന് മമത

കൊല്‍ക്കത്ത: ഭോപ്പാലില്‍ വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി. രാഷ്ട്രീയ പകപോക്കലാണ് നടന്നതെന്നും ഇത് പല ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ഉയര്‍ത്തി വിടുന്നുണ്ടെന്നും അവര്‍ ട്വിറ്ററിലൂടെ ആരോപിച്ചു. പൊലീസിന്റെ ഏറ്റുമുട്ടല്‍ സിദ്ധാന്തം ജനങ്ങളുടെ മനസില്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. ഇതെല്ലാം സംഭവിക്കുന്നത് രാഷ്ട്രീയ പകപോക്കലുകളുടെ ഭാഗമാണ്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ രാജ്യത്തിന്റെ അഖണ്ഡതയെ കുറിച്ചും ഐക്യത്തെ കുറിച്ചും ആശങ്കകള്‍ ഉയരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അതേ സമയം ഏറ്റുമുട്ടല്‍ വ്യാജമാണെന്ന വാദം ആദ്യമുയര്‍ത്തിയ ദിഗ് വിജയ് സിങിനെതിരെ ബി.ജെ.പി രംഗത്തെത്തി.

 

ജയിലിനെക്കാളും കോണ്‍ഗ്രസാണ് സുരക്ഷിത സ്ഥലമെന്ന് തോന്നിയതിനാലാവാം സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ നാഥ് ആരോപിച്ചു. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചാണ് കോണ്‍ഗ്രസിന് അനുകമ്പയെന്നും എന്നാല്‍ പൊലീസുകാരനെ കുറിച്ച് വേവലാതിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പൊലീസ് വെടിവെച്ചു കൊന്ന എട്ടു പേരില്‍ ഒരാളായ അഹമ്മദാബാദ് സ്വദേശി മുജീബ് ഷെയ്ഖിന്റെ മാതാവ് പൊലീസിനെതിരെ രംഗത്തെത്തി. വെടിവെപ്പ് ഗൂഢാലോചനയുടെ ഭാഗമാണെന്നും തന്റെ മകന്‍ ഭീകരവാദിയല്ലെന്നും അവര്‍ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പറഞ്ഞ അവര്‍ മുജീബ് ഷെയ്ഖിനെതിരായ ആരോപണങ്ങള്‍ ഒന്നും തന്നെ ഇതുവരെ തെളിയിക്കാനായിട്ടില്ലെന്നും പറഞ്ഞു. നീതി കിട്ടുമെന്നാണ് വിശ്വാസമെന്നും അതിനാല്‍ നിയമ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

chandrika: