X

നോട്ട് അസാധുവാക്കിയത് അന്വേഷിക്കുമെന്ന് മമത, പ്ലാനിങ് കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം


കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പ്ലാനിങ് കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ടായിരുന്നു മമതയുടെ പ്രഖ്യാപനം.

രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ നോട്ടു നിരോധിച്ച തീരുമാനത്തിന് എതിരായി ഞങ്ങള്‍ അന്വേഷണം നടത്തും. കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയ പ്ലാനിങ് കമ്മീഷനെയും തിരികെ കൊണ്ടു വരും. പ്ലാനിങ് കമ്മിഷനു പകരം കൊണ്ടു വന്ന നിതി ആയോഗിനെ ഉപയോഗിക്കാന്‍ കൊള്ളില്ലെന്നും മമത പറഞ്ഞു. പുതിയ ജി.എസ്.ടിയെ സംബന്ധിച്ചും വിശദമായി പരിശോധിച്ച ശേഷം അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ മാത്രം നിലനിര്‍ത്തുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

ബി.എസ്.എഫ് മുന്‍ ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെയും ജാര്‍ഖണ്ഡിലെയും പ്രത്യേക പൊലീസ് ഒബ്‌സര്‍വറായി നിയമിച്ച നടപടിയെ മമത വിമര്‍ശിച്ചു. പൊലീസ് ഓഫിസറായിരുന്ന കാലത്ത് ആര്‍.എസ്.എസ് പരിപാടിയില്‍ യൂണിഫോം ധരിച്ച് പങ്കെടുത്തയാളാണ് കെ.കെ ശര്‍മയെന്ന് മമത ചൂണ്ടിക്കാട്ടി.

web desk 1: