കൊല്‍ക്കത്ത: കേന്ദ്രം തിരികെ വിളിച്ച ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപധ്യായ നാളെ ഡല്‍ഹിയില്‍ ഹാജരായേക്കില്ല. തിങ്കളാഴ്ച്ച ആലാപന്‍ ബന്ദോപധ്യായ കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ബംഗാള്‍ സര്‍ക്കാരിന് നല്‍കിയിരുന്ന നിര്‍ദേശം. ചട്ടപ്രകാരം, സംസ്ഥാന സര്‍ക്കാര്‍ ചുമതലകളില്‍നിന്ന് ഒഴിവാക്കിയെങ്കില്‍ മാത്രമെ ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ സാധിക്കൂ.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ബംഗാളില്‍ നടന്ന അവലോകന യോഗത്തില്‍ നിന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കേന്ദ്രം തിരിച്ചു വിളിച്ചത്. യോഗത്തില്‍ ചീഫ് സെക്രട്ടറിയുള്‍പ്പെടെ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. ചീഫ് സെക്രട്ടറി പങ്കെടുക്കേണ്ട യോഗം നാളെ മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ നിശ്ചയിച്ചിട്ടുണ്ട്. മമത നിലപാടില്‍ ഉറച്ചു നില്ക്കുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ വലിയ തര്‍ക്കമായി ഇത് മാറുമെന്ന് ഉറപ്പാകുകയാണ്.