ബീഫ് വിവാദത്തില്‍ ബോളിവുഡ് നടി കാജോളിനെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നമ്മളാരെയാണ് ഭയക്കുന്നതെന്ന് മമത ചോദിച്ചു. നോര്‍ത്ത് ദിനാജ്പൂരില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കാജോളിനെ പിന്തുണച്ച് മമത സംസാരിച്ചത്.
കാജോളിനെ അറിയില്ലെന്നും നിരവധി ചിത്രങ്ങളില്‍ ഷാരൂഖിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് അറിയാമെന്നും മമത പറഞ്ഞു. എന്ത് തരം മാംസമാണ് കഴിച്ചതെന്ന് കാജോള്‍ ഭയമില്ലാതെ പറയണം. അപകടകരമായ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ എന്താണ് കഴിക്കേണ്ടതെന്ന് ചിലരാണ് തീരുമാനിക്കുന്നതെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഭയം സൃഷ്ടിക്കുന്നത്. തന്നെ ജയിലിലടക്കാന്‍ ശ്രമം നടക്കുകയാണ്. എന്നാല്‍ മൊത്തം തൃണമൂലുകാരേയും ജയിലില്‍ അടക്കേണ്ടിവരും. ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്ന് ബി.ജെ.പിയെ പരോക്ഷമായി വിമര്‍ശിച്ച് മമത പറഞ്ഞു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. അവര്‍ ഹിന്ദുമതത്തിന്റെ അനുകൂലികളല്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
നേരത്തെ സുഹൃത്ത് റയ്യാനൊരുങ്ങിയ വിരുന്നില്‍ കാജോള്‍ ബീഫ് കഴിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം നടന്നു. തുടര്‍ന്ന് പോസ്റ്റ് അപ്രത്യക്ഷപ്പെടുകയായിരുന്നു. താന്‍ കഴിച്ചത് ഗോമാംസമല്ലെന്നും ബീഫാണെന്നും വ്യക്തമാക്കി കാജോള്‍ പിറ്റേന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കാജോളിന് പിന്തുണയുമായി മമതയെത്തിയത്. കഴിച്ചതെന്താണെന്ന് പേടി കൂടാതെ പറയാന്‍ കാജോള്‍ പറയണമെന്നായിരുന്നു മമത പറഞ്ഞത്.