X

പൗരത്വ രജിസ്റ്ററിനെതിരായ പരാമര്‍ശം: മമതക്കെതിരെ കേസ്

ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനെതിരെ പരാമര്‍ശം നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അസം പൊലീസ് കേസെടുത്തു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ സംസ്ഥാനത്തെ 12.5 ലക്ഷം വരുന്ന ബംഗാളികളെ നാടുകടത്താനുള്ള ഗൂഡാലോചനയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറും അസമിലെ ബി.ജെ.പി സര്‍ക്കാറും നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. 1960ല്‍ 50,000ത്തോളം പേര്‍ ബംഗാളില്‍ അഭയം തേടേണ്ടി വന്ന വംശീയ ഉന്‍മൂലന പ്രക്രിയ ബംഗാള്‍ ഖേദക്കു സമാനമാണ് ഇപ്പോഴത്തെ നീക്കമെന്നും മമത പറഞ്ഞിരുന്നു. എന്നാല്‍ മമതയുടെ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയുടെ പദവിക്ക് ചേരാത്തതും സുപ്രീം കോടതിയോടുള്ള അവമതിപ്പുമാണെന്ന് അസം വ്യവസായ മന്ത്രി ചന്ദ്രമോഹന്‍ പടോവാരി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മമതയുടെ പരാമര്‍ശത്തിനെതിരെ ആര്‍.എസ്.എസ് അനുകൂല സാമൂഹ്യപ്രവര്‍ത്തകരായ കൈലാശ് ശര്‍മ, തൈലേന്ദ്ര നാഥ് ദാസ് എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മമതക്കെതിരെ ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്ന രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യണമെന്നാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ ആവശ്യം. മമതയുടെ പരാമര്‍ശത്തെ എ.ഐ.യു.ഡി.എഫും തള്ളിക്കളഞ്ഞു. സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൗരത്വ രജിസ്‌ട്രേഷന്‍ പരിശോധന തെറ്റുകളില്ലാത്തതാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ഐ.യു.ഡി.എഫ് തലവന്‍ മൗലാന ബദറുദ്ദീന്‍ അഹമ്മദ് പറഞ്ഞു. അതേ സമയം മുസ്്‌ലിം ശക്തികേന്ദ്രങ്ങളായ ബാര്‍പേട്ട, ദുബ്രി, ഗോള്‍പാറ, നഗാവോന്‍, മോറിഗാവോന്‍, കരീംഗഞ്ച്, ഹെയ്‌ലകണ്ടി തുടങ്ങിയ മേഖലകളില്‍ എന്‍.ആര്‍.സി കേന്ദ്രങ്ങള്‍ മനപ്പൂര്‍വമായ അവഗണന കാണിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് കോണ്‍ഗ്രസ് എന്‍.ആര്‍.സിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 31ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ ഈ മേഖലകളില്‍ നിന്നുള്ള 10 ശതമാനം പേര്‍ മാത്രമാണ് ഉള്‍പ്പെട്ടതെന്നും അസം പി.സി.സി പ്രസിഡന്റ് റിപുന്‍ ബോറ പറഞ്ഞു.

chandrika: