കൊല്‍ക്കത്ത: പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രശ്‌നം ദേശീയതലത്തിലേക്കുയരുന്നു. പ്രധാനമന്ത്രി മോദി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ഇതിനെതിരെ മമത സത്യഗ്രഹം ആരംഭിച്ചു. പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വസതിക്ക് മുന്നിലായിരുന്നു മമതയുടെ സമരപ്രഖ്യാപനം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, സുരക്ഷാ ഉപദേഷ്ടാവം അജിത് ഡോവല്‍ എന്നിവരെയും മമത വിമര്‍ശിച്ചു.
ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. ഇതിനിടെ സി.ബി.ഐ ഉദ്യോഗസ്ഥരും പൊലീസും തമ്മില്‍ ബലപ്രയോഗമുണ്ടായി. തുടര്‍ന്ന് മമതാ ബാനര്‍ജി പൊലീസ് കമ്മീഷണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വസതിയിലെത്തി ഇതിനെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു.
മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് വിശാല പ്രതിപക്ഷം രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, എന്‍.സി.പി നേതാവ് ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള തുടങ്ങിയവര്‍ മമതയെ ഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യമറിയിച്ചു.