X

‘മതവിദ്വേഷം പരത്താതിരിക്കൂ, ബംഗാളില്‍ വിലപ്പോവില്ല’; അമിത്ഷാക്കെതിരെ പൊട്ടിത്തെറിച്ച് മമത

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദയവായി മതവിദ്വേഷം പരത്താതിരിക്കുവെന്ന് അമിത്ഷായോട് മമത പറഞ്ഞു. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ക്ഷേത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. ആഭ്യന്തര മന്ത്രിയുടെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടുളള പരാമര്‍ശങ്ങള്‍ക്കെതിരെ സംസാരിക്കുകയായിരുന്നു മമത.

ബംഗാളിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. പക്ഷേ ആളുകളെ തമ്മിലടിപ്പിക്കുന്ന മതവിദ്വേഷ പ്രസംഗം നടത്താതിരിക്കുക. അത് ബംഗാളില്‍ വിലപ്പോവില്ല. എല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കുന്നതില്‍ പേരുകേട്ടതാണ് ബംഗാള്‍. ഇതൊരിക്കലും നശിപ്പിക്കാനാവില്ലെന്നും മമത പറഞ്ഞു.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുമ്പോഴാണ് പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അമിത് ഷാ സൂചന നല്‍കിയത്. എന്നാല്‍ മുസ്‌ലിങ്ങളല്ലാത്ത് മറ്റു സമുദായക്കത്തില്‍ പെട്ടവരെ അഭയാര്‍ത്ഥികളായി പരിഗണിച്ച് സംരക്ഷിക്കുമെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു.

‘ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു, നിങ്ങള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ല. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. എന്‍.ആര്‍.സിക്കു മുമ്പ് ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരും. അതുവഴി ഈ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്ന് ഉറപ്പുവരുത്തും. നിങ്ങള്‍ (ബി.ജെ.പി പ്രവര്‍ത്തകര്‍) ഇക്കാര്യം അവരുടെ വീടുകളില്‍ പോയി പറയണം. ‘ അമിത് ഷാ പറഞ്ഞു.

chandrika: