X
    Categories: indiaNews

തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് അമിത് ഷാ; ഗുരുതര ആരോപണവുമായി മമത

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് അമിത് ഷായാണെന്ന് പറഞ്ഞ മമത തൃണമൂലിനെതിരെ സി.ബി.ഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് ആക്രമണം നടത്തുകയാണെന്നും ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെ തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അമിത് ഷാ അതില്‍ ഇടപെടുന്നുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ ഇന്ത്യയേയും ബി.ജെ.പി വില്‍ക്കും. മോദി ബാബു സ്‌റ്റേഡിയങ്ങളും റോഡുകളും സ്വന്തം പേരിലാക്കുന്ന തിരക്കിലാണ്. ഒരു ദിവസം ഇന്ത്യയുടെ പേര് മാറ്റി അദ്ദേഹത്തിന്റെ പേര് നല്‍കും. ഇന്ത്യ എന്ന പേര് ബി.ജെ.പി ഭരണം തുടര്‍ന്നാല്‍ അധിക കാലം തുടരില്ലെന്നും മമത പറഞ്ഞു. ബങ്കൂര ജില്ലയിലെ ചാത്‌നയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലാണ് ബങ്കൂരയില്‍ വോട്ടെടുപ്പ്. ആഭ്യന്തര മന്ത്രി ഇപ്പോള്‍ ബംഗാളില്‍ തുടരുകയാണ്. അദ്ദേഹത്തിന് വേറെ പണിയില്ല.

രാജ്യ ഭരണമല്ല ലക്ഷ്യം പകരം ആക്രമണങ്ങള്‍ക്കായി ഗൂഡാലോചന നടത്തുകയാണ്. കഴിഞ്ഞ ദിവസം അമിത് ഷായുടെ പൊതു യോഗത്തിന് ആളെത്തിയില്ല. അതിനാല്‍ റദ്ദാക്കേണ്ടി വന്നു. ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. എല്ലാ കാലത്തും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സഹോദരന്‍മാര്‍ക്കുമെതിരെ ഗൂഡാലോചന നടത്തുന്ന ഒരാളുടെ പ്രസംഗം കേള്‍ക്കാന്‍ എന്തിനാണ് വരുന്നതെന്ന് ആളുകള്‍ ചിന്തിക്കുന്നത് സ്വാഭാവികമല്ലേ?. മറ്റുള്ളവരെ എങ്ങിനെ ആക്രമിക്കാം എന്നാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്. ആരെയെങ്കിലും അറസ്റ്റു ചെയ്യണം, ആദായ നികുതി വകുപ്പിനെ ആര്‍ക്കെതിരെയെങ്കിലും അയക്കണം. സി.ബി.ഐയെ വിട്ട് ആരെയെങ്കിലും പിടികൂടണം ഇതാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്. തന്റെ ആഭ്യന്തര സെക്രട്ടറിക്കു വരെ ഇന്നലെ സി.ബി.ഐ നോട്ടീസ് കിട്ടിയെന്നും മമത പറഞ്ഞു.
ഇതു കൊണ്ടൊക്കെ തൃണമൂല്‍ നേതാക്കളെ നിശബ്ദമാക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാല്‍ ബി.ജെ.പിക്ക് അതിന് കഴിയില്ല. നിങ്ങളുടെ ആക്രമണം എത്ര നടന്നാലും അതിനെയൊക്കെ തങ്ങള്‍ മറികടക്കും. പുറത്തു നിന്നും വരുന്ന തെമ്മാടികളെ ബംഗാള്‍ ഭരിക്കാന്‍ സമ്മതിക്കില്ലെന്ന് മമത ആവര്‍ത്തിച്ചു. ഇക്കാര്യം സംഭവിച്ചാല്‍ ബംഗാളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അധിക കാലം സുരക്ഷിതരായിരിക്കാനാവില്ലെന്നും മമത പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: