കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളാണെന്ന ആരോപണത്തിലുറച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബദുരിയ, സ്വരൂപ് നഗര്‍, ദെങ്കാന, ബസിര്‍ഹാഥ് എന്നിവിടങ്ങളില്‍ ഹിന്ദു – മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കൂടുതല്‍ സൈന്യത്തെ അയക്കുന്നില്ലെന്നും മമത ആരോപിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ബി.ജെ.പി വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.
അതിനിടെ, ബസിര്‍ഹാഥില്‍ സന്ദര്‍ശനം നടത്താനെത്തിയ ബി.ജെ.പി എം.പിമാരായ മീനാക്ഷി ലേഖി, ഓം മാഥുര്‍, സത്യപാല്‍ സിങ് എന്നിവരെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള ബസിര്‍ഹാഥിലേക്കുള്ള യാത്രാമധ്യേ ഇവരെ വിമാനത്താവളത്തിനടുത്തുളഅള ബിരാത്തിയില്‍ പൊലീസ് തടയുകയായിരുന്നു. പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ബസിര്‍ഹാഥിലേക്ക് പോകുമെന്ന് ശഠിക്കുകയും ചെയ്ത ഇവരെ പൊലീസ് തടങ്കലില്‍ വെച്ചു.
ശക്തമായ ഭാഷയിലാണ് മമതാ ബാനര്‍ജി ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ പ്രതികരിച്ചത്. ‘ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പിയുമായി നല്ല ബന്ധമുള്ള വിദേശ ശക്തികള്‍ അതിര്‍ത്തി മേഖലകളില്‍ അക്രമമുണ്ടാക്കുകയാണ്. കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്നവരോടെല്ലാം പ്രതികാരം ചെയ്യുന്ന നടപടിയാണ് ബി.ജെ.പിയുടേത്. കേരളവും പുതുച്ചേരിയും ബംഗാളുമെല്ലാം അതിന് ഉദാഹരണങ്ങളാണ്’ – മമത പറഞ്ഞു.
കലാപങ്ങള്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്ന് മമത കഴിഞ്ഞ ബുധനാഴ്ചയും ആരോപിച്ചിരുന്നു. ‘ബി.ജെ.പിക്ക് കലാപമുണ്ടാക്കാനുള്ള ലൈസന്‍സ് ഇല്ല. പക്ഷേ, അവരത് ചെയ്യുന്നു. അവര്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വിതക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയില്ലെന്നറിയാവുന്നതിനാല്‍ അവര്‍ അക്രമ മാര്‍ഗത്തിലൂടെ കാര്യം നേടാന്‍ ശ്രമിക്കുകയാണ്.’ മമത ആരോപിച്ചു.
ദിവസങ്ങള്‍ നീണ്ട അസ്വസ്ഥതക്കു ശേഷം നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബസിര്‍ഹാഥ് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ പ്രവാചകനെ അധിക്ഷേപിച്ചു കൊണ്ടുള്ള ചിത്രം പ്രത്യക്ഷപ്പെട്ടുവെന്ന പ്രചരണത്തെ തുടര്‍ന്നാണ് ബസിര്‍ഹാഥില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് പത്ത് ഐ.പി.എസ് ഓഫീസര്‍മാരെ സ്ഥലം മാറ്റിയിട്ടുണ്ട്.