ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ദേശ സ്‌നേഹം വളര്‍ത്തുന്ന പുതിയ പദ്ധതിയായ ‘ന്യു ഇന്ത്യ’യുമായി നരേന്ദ്രമോദി സര്‍ക്കാര്‍. കുട്ടികളില്‍ ദേശ സ്‌നേഹവും തീവ്രദേശ ഭക്തിയും വളര്‍ത്താന്‍ സ്‌കൂളുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ പശ്ചിമ ബംഗാള്‍ തള്ളികളഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ അംഗീകരിക്കാതിരുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിലപാടില്‍ കേന്ദ്രമാനവവിഭവ മന്ത്രാലയം അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടുകള്‍ ദൗര്‍ഭാഗ്യകരമാണെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവാദേക്കര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കേന്ദ്രമാനവവിഭവ മന്ത്രാലയം ബംഗാളിലെ സര്‍വശിക്ഷാ അഭിയാന്‍ മിഷന് നോട്ടീസ് നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ മറികടന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് സ്വാതന്ത്രദിന പരിപാടികളില്‍ നിന്നു പിന്‍മാറിയതായി മെമ്മോയില്‍ ചൂണ്ടിക്കാട്ടുന്നു. ബംഗാള്‍ നിലപാടിനെ വിചിത്രവും ദൗര്‍ഭാഗ്യകരവുമെന്നാണ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഇക്കാര്യത്തില്‍ വിശദീകരണം തേടും. മതേതരത്വം ലക്ഷ്യമിട്ടാണ് കേന്ദ്രം പദ്ധതി ആവിഷ്‌കരിച്ചത്. മറിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ അജണ്ടയല്ല നിര്‍ദേശിച്ചത്’. ജാവദേക്കര്‍ വ്യക്തമാക്കി.
മതേതരത്വം ഊട്ടിഉറപ്പിക്കാന്‍ സ്വാതന്ത്ര സമരത്തിലും വിവിധ യുദ്ധങ്ങളിലും തീവ്രവാദി ആക്രമണങ്ങളിലും രക്തസാക്ഷികളായവരുടെ സ്മരണയ്ക്കായി സങ്കല്‍പ് സിദ്ദി പ്രതിജ്ഞ എടുക്കണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ലെ. ജനങ്ങള്‍ക്കിടയില്‍ ദേശിയതയും സഹവര്‍ത്തിത്വവും വളര്‍ത്താന്‍ ശ്രമം നടത്തണമെന്നും അഴിമതി, തിവ്രവാദം, ദാരിദ്ര്യം, ജാതി വിവേചനം, വര്‍ഗീയതയില്‍ നിന്നു മുക്തിയാണ് ന്യു ഇന്ത്യ പദ്ധതിയെന്നും മിനിസ്ട്രീ ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ജോയിന്റ് സെക്രട്ടറി മനേഷ് ഗാര്‍ഗ് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. ഭരണതലത്തിലും സിബിഎസ്ഇ അടക്കമുള്ള സ്‌കൂളുകളിലും പ്രതിജ്ഞ, സ്വാതന്ത്ര്യ സമരവുമായും രാജ്യത്തിന്റെ വികസനവുമായും ബന്ധപ്പെട്ടുള്ള ക്വിസ്, ചിത്രരചന എന്നിവ നടത്തണമെന്നും നിര്‍ദേശിച്ചു.