ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കയറിയ വിമാനം മതിയായ ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് നിലത്തിറക്കാന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ ആറു പൈലറ്റുമാരെ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) സസ്‌പെന്റു ചെയ്തു. എയര്‍ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്റിഗോ വിമാനങ്ങളിലെ പൈലറ്റുമാര്‍ക്കാണ് സസ്‌പെന്‍ഷന്‍. വിമാനമിറക്കലിന് അനുമതി നിഷേധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളംവെച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഡിജിസിഎയുടെ നടപടി.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിഹാറിലെ പട്‌നയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് മമത കൊല്‍ക്കത്തയിലേക്ക് മടങ്ങവെയാണ് സംഭവം. ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് താഴെയിറക്കാന്‍ അനുമതി തേടി മമത സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന് സന്ദേശമയച്ചു. എന്നാല്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് അരമണിക്കൂര്‍ ആകാശത്ത് പറന്ന ശേഷമാണ് വിമാനം താഴെയിറക്കിയത്. ഇന്ധനമില്ലാതിരുന്നിട്ടും വിമാനം താഴെയിറക്കാന്‍ അനുമതി നല്‍കാതിരുന്നതില്‍ ഗുഢാലോചനയുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ മമത കയറിയ ഇന്റിഗോ വിമാനത്തില്‍ മാത്രമല്ല എയര്‍ഇന്ത്യ, സൈപ്‌സ് ജെറ്റ് വിമാനങ്ങളും മതിയായ ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് ആ സമയത്ത് പറക്കുകയായിരുന്നുവെന്നാണ് കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ രാജ്യസഭയില്‍ അറിയിച്ചത്. മൂന്നു വിമാനങ്ങള്‍ക്കും ഒരേസമയം ഇന്ധനമില്ലാത്ത അവസ്ഥ വന്നത് എന്തുകൊണ്ടാണെന്ന് ഡിജിസിഎ പരിശോധിക്കുന്നുണ്ട്.