X

കോണ്‍ഗ്രസ്സുമായി സഹകരിക്കുമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബി.ജെ.പിയെ കേന്ദ്ര ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിനോട് സഹകരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സോണിയാ ഗാന്ധിയുമായി നല്ല ബന്ധത്തിലാണ്. ശിവസേന അടക്കം എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും മമത ബാനര്‍ജി പറഞ്ഞു

അതേ സമയം, പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനോട് സഹകരിക്കുന്നതിന് പ്രശ്‌നമുണ്ടെന്നും മമത വ്യക്തമാക്കി. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടിയാല്‍ ബി.ജെ.പി വിരുദ്ധ മുന്നണിയെ കോണ്‍ഗ്രസിന് നയിക്കാം. പ്രാദേശിക പാര്‍ട്ടി കൂട്ടുകെട്ടിനാണ് മുന്‍തൂക്കമെങ്കില്‍ ആ പാര്‍ട്ടികള്‍ നിര്‍ണായകമാകും. പ്രധാനമന്ത്രി പദത്തിലേക്ക് താനില്ല. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്‍ രാഹുലിന് പ്രധാനമന്ത്രിയാകാമെന്നും ചര്‍ച്ചകള്‍ക്ക് പകരം ഒന്നിച്ച് പ്രവര്‍ത്തിക്കലാണ് പ്രധാനമെന്നും ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ മമത വ്യക്തമാക്കി.

പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാ സഖ്യം സാധ്യമാണ്. ബി.ജെ.പി മനുഷ്യരെ പീഡിപ്പിക്കുകയാണ്. ചില ബി.ജെ.പിക്കാര്‍ പോലും അവരെ പിന്തുണക്കുന്നില്ല. നൂറുകണക്കിന് ഹിറ്റ്‌ലര്‍മാരെപ്പോലെയാണ് അവര്‍ ഭാവിക്കുന്നതെന്നും മമത പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സഖ്യ സാധ്യതകളെ കുറിച്ച് ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു വിഭാഗം നേതാക്കള്‍ തൃണമൂലുമായി സഖ്യം വേണമെന്ന നിലപാടായിരുന്നു. എന്നാല്‍ ബംഗാള്‍ പി.സി.സി പ്രസിഡന്റ് ആധിര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പടെയുള്ള നേതാക്കള്‍ തൃണമൂലുമായുള്ള സഖ്യത്തിന് എതിരാണ്.

chandrika: