X

മോദിയുടെ താക്കീതിന് പുല്ലുവില: മമതയെ ശൂര്‍പ്പണകയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീതിന് പുല്ലുവില കല്‍പ്പിച്ച് ബിജെപി എംഎല്‍എ രംഗത്ത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശൂര്‍പ്പണഖയെന്ന് അധിക്ഷേപിക്കുകയായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍എ സുരേന്ദ്രസിങ്.

നേരത്തെ, ബി.ജെ.പി നേതാക്കള്‍ക്ക് മോദി താക്കീത് നല്‍കിയിരുന്നു. മാധ്യമങ്ങളുടെ ക്യാമറ കാണുമ്പോള്‍ തന്നെ ചാടിവീഴരുതെന്നും വാചകകസര്‍ത്ത് നടത്തി വെറുതെ മസാല വാര്‍ത്ത നല്‍കരുതെന്നും ജനപ്രതിനിധികള്‍ക്ക് മോദി അന്ത്യശാസന നല്‍കിയിരുന്നു. അടുത്തിടെ ബി.ജെ.പി എം.എല്‍.എമാരും എം.പിമാരും നടത്തിയ വിവാദ പ്രസ്താവനകള്‍ ബിജെപിക്ക് കടുത്ത തലവേദന സൃഷ്ടിച്ചതോടെയാണ് താക്കീതുമായി മോദി രംഗത്തുവന്നത്.

എന്നാല്‍ മോദിയുടെ താക്കീതിന് പിന്നാലെയാണ് സുരേന്ദ്‌സിങിന്റെ പരാമര്‍ശം. ജനങ്ങള്‍ തെരുവില്‍ കൊല്ലപ്പെടുകയാണ്. എന്നാല്‍ മമത ചെറുവിരല്‍ പോലും അനക്കുന്നില്ല. ബംഗാളിലെ ഹിന്ദുക്കള്‍ സുരക്ഷിതരല്ല. ശൂര്‍പ്പണഖയെ പോലെയാണ് മമത പെരുമാറുന്നത്. ഇനിയെങ്കിലും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കശ്മീരിലെ പോലെയാകും ബംഗാളിലെ അവസ്ഥ. ബംഗാളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് പലായനം ചെയ്യേണ്ടി വരുമെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

chandrika: