X

തലപോയ സി.ബി.ഐക്ക് ഇപ്പോള്‍ ബി.ജെ.പിയെപ്പോലെ നട്ടെല്ലുമില്ലെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സെന്ററല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷ(സി.ബി.ഐ)നെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
അന്വേഷണ ഏജന്‍സികളെ വെച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണ്. ബി.ജെ.പിയുടെ സഖ്യ കക്ഷിയായി മാറിയ തലപോയ സി.ബി.ഐക്ക് ഇപ്പോള്‍ ബി.ജെ.പിയെപ്പോലെ നട്ടെല്ലും ഇല്ലാതായെന്ന് മമത പരിഹസിച്ചു.

പ്രതിപക്ഷ നേതാക്കളുടെ വസതികള്‍ റെയ്ഡ് ചെയ്യുന്ന സി.ബി.ഐ ബി.ജെ.പി നേതാക്കളുടെയോ അവരുമായി ബന്ധം പുലര്‍ത്തുന്നവരുടെയോ വീടുകളില്‍ പരിശോധന നടത്താത്തതെന്തെന്നും അവര്‍ ചോദിച്ചു. ചിട്ടി തട്ടിപ്പ് ആരോപിച്ച് ബംഗാളി നിര്‍മാതാവ് ശ്രീകാന്ത് മോഹ്ത്തയെ സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ശ്രീകാന്ത് മോഹ്ത്ത. ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹൂഡയുടെ വസതിയിലും ഇന്നലെ റെയ്ഡ് നടന്നു.

chandrika: