കൊല്‍ക്കത്ത: തനിക്കെതിരെ ഹിന്ദു കാര്‍ഡ് ഇറക്കി കളിക്കരുതെന്ന് ബിജെപിയോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താനും ഒരു ഹിന്ദുവാണെന്നും മമത പറഞ്ഞു. നന്ദിഗ്രാമില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാനും ഒരു ഹിന്ദുവാണ്, എന്റെയടുത്ത് ഹിന്ദു കാര്‍ഡിറക്കരുത്. എങ്ങനെയാണ് ഒരു നല്ല ഹിന്ദുവാകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ബിജെപിയോട്
മമത ചോദിച്ചു. ദിവസവും പുറത്തിറങ്ങുന്നതിനു മുമ്പ് ചണ്ഡിപഥില്‍ നിന്നുള്ള ശ്ലോകങ്ങള്‍ ചൊല്ലാറുണ്ടെന്നും മമത പറഞ്ഞു.
നന്ദിഗ്രാമില്‍ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുവേന്ദു അധികാരിയെയും മമത കടന്നാക്രമിച്ചു. നന്ദുഗ്രാമിലെ ജനങ്ങള്‍ ഏപ്രില്‍ ഒന്നിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഏപ്രില്‍ ഫൂളാക്കുമെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ആളാണ് നന്ദിഗ്രാമില്‍ മമതക്കെതിരെ മത്സരിക്കുന്ന സുവേന്ദു.
‘ഗുജറാത്തില്‍നിന്നുള്ളവര്‍ക്ക് സ്വന്തം ആത്മാവ് വിറ്റ ആളുകള്‍ സാമുദായിക കാര്‍ഡ് കളിച്ച് നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുകയാണ്. ചിലര്‍ ഹിന്ദുമുസ്‌ലിം ജനസംഖ്യയുടെ അനുപാതത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത്, രണ്ടു സമുദായങ്ങളിലെയും ആളുകള്‍ ഒരുമിച്ച് പോരാടിയ നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുന്നതാണ്- മമത പറഞ്ഞു.