കൊല്‍ക്കത്ത: പ്രത്യേക ഗൂര്‍ഖലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജലിങ്ങില്‍ പ്രക്ഷോഭം തുടരുന്നതിനിടെ സര്‍ക്കാര്‍ നിലപാട് ശക്തമായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്ത് സംഭവിച്ചാലും ബംഗാളിനെ വിഭജിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തെ ചില പ്രധാന റോഡുകള്‍ക്കും പൊതു ഹാളുകള്‍ക്കും പ്രശസ്തരായ അഞ്ച് മാധ്യമപ്രവര്‍ത്തകരുടെ പേര് നല്‍കി ആദരിക്കുന്ന ചടങ്ങിലാണ് ബംഗാള്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഗൂര്‍ഖലാന്റ് പ്രക്ഷോഭകര്‍ തീവ്രവാദികളാണെന്നും ധാരാളം റിപ്പോര്‍ട്ടര്‍മാരെ തട്ടിക്കൊണ്ട് പോയതായും മമതാ ബാനര്‍ജി ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത,് മമത ചടങ്ങില്‍ പറഞ്ഞു. ഗൂര്‍ഖലാന്റ് പ്രക്ഷോഭകര്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി തല്ലി ചതയ്ക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോയി അവര്‍ക്ക് അനുകൂലമായി വാര്‍ത്തകള്‍ എഴുതണം എന്ന് ആവശ്യപ്പെട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. താന്‍ തന്നെ പല പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. വെറുതെ കല്ലെറിയുന്നതായിരുന്നു അതെങ്കില്‍ ഫലം വേറെ ഒന്നാകുമായിരുന്നു. ഇവര്‍ ആയുധങ്ങള്‍ പൂഴ്ത്തി വെച്ചിരിക്കുകയാണ്. ഇക്കാര്യം സമാധാനപരമായി അവര്‍ എന്നോട് സൂചിപ്പിച്ചിരുന്നെങ്കില്‍ ഞാന്‍ ചര്‍ച്ച ചെയ്യുമായിരുന്നു. ഞാനിത് നിങ്ങളോട് നേരത്തെ പറഞ്ഞതാണ്. ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്ന് പാത്രങ്ങള്‍ കഴുകി തരണമെങ്കില്‍ ഞാന്‍ അതിനും തയാറാണ്. പക്ഷേ അതെന്നോട് സൗമ്യമായി ആവശ്യപ്പെടണം. തോക്കു കൊണ്ട് എന്നെ നേരിടാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍, നിങ്ങളുടെ കൈകളില്‍ നിന്നും ആ തോക്ക് പിടിച്ചെടുക്കുന്നതിനുള്ള പ്രാപ്തി എനിക്കുണ്ട് എന്ന് ഓര്‍ക്കണം. എന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ സര്‍ക്കാര്‍ രൂപം നല്‍കിയ 15 വികസന ബോര്‍ഡിന്റെ അധ്യക്ഷന്മാര്‍, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും മമതാ ബാനര്‍ജി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും മമതാ ബാനര്‍ജി പ്രക്ഷോഭകര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനമുയര്‍ത്തി. ഗൂര്‍ഖാലാന്റ് ടെറിറ്റോറിയല്‍ അതോററ്റിയുടെ അധികാര സമയം അവസാനിച്ചിരിക്കുകയാണ്. ഇനിയവിടെ തെരഞ്ഞെടുപ്പ് നടക്കണം. അഞ്ച് വര്‍ഷം എല്ലാ സുഖങ്ങളും അനുഭവിച്ച ശേഷം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രക്ഷോഭം തുടങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഗൂര്‍ഖാലാന്റ് ടെറിറ്റോറിയല്‍ അതോററ്റിക്ക് നിയമപരമായി സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിനിടെ ഡാര്‍ജിലിങ് ഉള്‍പ്പെടെ പ്രക്ഷോഭം ശക്തമായ ഇടങ്ങളിലേക്കുള്ള റേഷന്‍ വിതരണം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭക്ഷ്യ വിതരണം അവസാനിക്കുന്നതോടെ പ്രക്ഷോഭകാരികള്‍ ചര്‍ച്ചകള്‍ക്കു സന്നദ്ധമാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.