കൊല്‍ക്കത്ത: ബി.ജെ.പി ഗൂഢലക്ഷ്യത്തോടെ മദര്‍ തെരേസയുടെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകളെ ലക്ഷ്യംവെക്കുന്നുണ്ടെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അനാഥ കുട്ടികളെ വിറ്റ് പണമാക്കി എന്ന ബി.ജെ.പിയുടെ ആരോപണത്തില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്ക് എതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരിക്കുമ്പോഴാണ് മമത ബി.ജെ.പിയെ വിമര്‍ശിച്ചത്.
മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചത് മദര്‍ തെരേസയാണ്. ഇപ്പേള്‍ അവരെയും ബി.ജെ.പി വെറുതെ വിടുന്നില്ലെന്നും അവരുടെ സല്‍പേര് ഇല്ലാതാക്കാനുള്ള ഗൂഢപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പറഞ്ഞ മമത ഇതിനെതിരെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
മിഷണറീസ് ഓഫ് ചാരിറ്റിക്ക് എതിരെ സംഘപരിവാര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ജാര്‍ഖണ്ഡ് റാഞ്ചിയിലെ നിര്‍മ്മല ഹൃദയ ശിശുഭവനിലെ കുട്ടികളെ വിറ്റു എന്നായിരുന്നു ആരോപണം. 280 കുട്ടികളെ കടത്തി എന്നും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ നാല് കുട്ടികളെ മാത്രമാണ് കാണാതായതെന്നും ഇതില്‍ മൂന്നുപേരെ കണ്ടെത്തിയെന്നും ജാര്‍ഖണ്ഡ് എ.ഡി.ജി.പി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിഷണറീസ് ഓഫ് ചാരിറ്റിക്ക് പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി രംഗത്തെത്തിയത്.