കൊല്‍ക്കത്ത: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിശദമായ അന്വേഷണം നടത്തിയാല്‍ അത് തെളിയിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കള്ളപ്പണ വിരുദ്ധ ദിനമായി കേന്ദ്രസര്‍ക്കാര്‍ ആചരിക്കാനിരിക്കെയാണ് മമതയുടെ പ്രതികരണം. മോദി അവകാശപ്പെടുന്നതു പോലെ കള്ളപ്പണത്തിനെതിരായ യുദ്ധമായിരുന്നില്ല നോട്ട് അസാധുവാക്കല്‍. മറിച്ച് അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കമായിരുന്നു അത്. സാമ്പത്തിക ഭീമന്മാരുടെ കള്ളപ്പണം നിയമപരമായ ഫണ്ടായി മാറ്റപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ സമ്പദ് ഘടന തകര്‍ച്ചയിലെത്തിയതായും മമത വ്യക്തമാക്കി.