X

‘ദുര്‍ഗ്ഗാഷ്ടമിയും മുഹറവും അവര്‍ ഒരുമിച്ച് ആഘോഷിക്കട്ടെ’; മമതയുടെ ഉത്തരവിനെതിരെ ഹൈക്കോടതി

കൊല്‍ക്കത്ത: സംസ്ഥാനത്ത് മുഹറം ദിനത്തില്‍ ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഉത്തരവിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി. എന്ത് കൊണ്ട് ഇരു മതസ്ഥരും ഒരുമിച്ച് ആഘോഷങ്ങള്‍ നടത്തികൂടാ എന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.

”രണ്ട് വിഭാഗത്തേയും തമ്മില്‍ എന്തിനാണ് വേര്‍തിരിക്കുന്നത്. അവരെ ഐക്യത്തോടെ ജീവിക്കാന്‍ വിടണം. അവരെ വിഭജിക്കരുത്. അവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണം”, കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവിലായിരുന്നു മമത ബാനര്‍ജി ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒക്ടോബര്‍ ഒന്നിനാണ് ഇസ്ലാം മതവിഭാഗക്കാര്‍ മുഹ്റം ആഘോഷിക്കുന്നത്. സെപ്തംബര്‍ 30 രാത്രിയോടെ മുഹറവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളും ചടങ്ങുകളും ആരംഭിക്കും. അതിനാല്‍ ദുര്‍ഗ്ഗാ പൂജയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമഞ്ജനം 30ന് വൈകുന്നേരം ആറ് മണിയോടെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്നും മുഹറം ചടങ്ങുകള്‍ക്ക് ശേഷം ഒക്ടോബര്‍ 2ന് പൂജ ആഘോഷങ്ങള്‍ പുനരാരംഭിക്കാമെന്നും ആയിരുന്നു മമത നിര്‍ദേശിച്ചത്.

”രണ്ട് ആഘോഷങ്ങളും ഒരേ സമയം നടക്കുന്നത് മുതലെടുത്ത് വര്‍ഗീയ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എല്ലാ മതവും നമ്മുടേതാണ്. എന്നാല്‍ മുഹ്റം ചടങ്ങുകള്‍ക്കിടയില്‍ നിമഞ്ജന ഘോഷയാത്ര കടന്നു പോവുന്നത് സംഘര്‍ഷ സാധ്യത സൃഷ്ടിക്കുമെന്നും അത് എല്ലാവരേയും ബാധിക്കുമെന്നും മമത ഉത്തരവ് ഇറക്കി വ്യക്തമാക്കി.

chandrika: