കൊല്‍ക്കത്ത: രാജസ്ഥാനിന്‍ ലവ് ജിഹാദ് നടത്തിയെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയായ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചു ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് പശ്ചിമ ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മമത ബാനര്‍ജി ബന്ധുക്കളെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലക്കാരനായ അഫ്രജുല്‍ ഖാന്‍ എന്ന തൊഴിലാളിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലൗ ജിഹാദ് ആരോപിച്ച് മഴുകൊണ്ട് വെട്ടി വീഴ്ത്തിയശേഷം തീ കൊളുത്തിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കൊലപാതകം നടത്തിയെന്ന് കരുതുന്ന ശംഭുലാല്‍ രേഗര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ മന്ത്രിമാരും എം.പിമാരും ഉള്‍പ്പെട്ട സംഘത്തെ അയയ്ക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അഫ്രജുലിന്റെ മൃതദേഹം പശ്ചിമ ബംഗാളിലെത്തിക്കും. അഫ്രജുലിന്റെ ഭാര്യയ്ക്ക് ജില്ലാ ഭരണകൂടവും എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ബുധനാഴ്ചയാണു രാജ്‌സമന്ദിലെ ഒരു ഹോട്ടലിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് വിഡിയോ വൈറലായത്. ‘ലവ് ജിഹാദ്’ നടത്തുന്ന എല്ലാവര്‍ക്കും ഇതായിരിക്കും ഗതിയെന്ന്, കത്തിക്കൊണ്ടിരിക്കുന്ന ശരീരത്തിനു തൊട്ടടുത്തുനിന്ന് ശംഭുലാല്‍ ഭീഷണി മുഴക്കുന്നത് വിഡിയോയില്‍ കാണാം. ഈ വിഡിയോ പരിശോധിച്ചതിനെത്തുടര്‍ന്നാണു പ്രതിയെ പിടികൂടിയത്.