കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി പ്രതിപക്ഷ മുന്നണി I.N.D.I.A. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമാണ് മല്ലികാർജുൻ ഖർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ചത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച ശേഷം ഇക്കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് ഖർഗെ പ്രതികരിച്ചത്.
ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടു വരാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും മുന്നണിയുടെ ജയത്തിനാണ് പ്രഥമ പരിഗണന വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രീതിയിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കട്ടെയെന്നു ഖാർഗെ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
യോഗത്തിൽ 28 കക്ഷികൾ പങ്കെടുത്തെന്നു വാർത്താ സമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. ശരദ് യാദവ്, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ് അടക്കമുള്ളവരും യോഗത്തിനെത്തി.