കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ബിജെപിയെ വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്ത് വ്യാപകമായ നുണപ്രചരിപ്പിക്കുയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പാര്‍ട്ടി സംഘടിപ്പിച്ച ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടാന്‍ ബിജെപിയെ മമത വെല്ലുവിളിച്ചു. ജയിലില്‍ നിന്ന് തൃണമൂലിന്റെ വിജയം ഉറപ്പാക്കുമെന്ന് മമത കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുളള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം ഏപ്രില്‍ മെയ് മാസത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ എംഎല്‍എമാരുടെ പേര് വെളിപ്പെടുത്താന്‍ മമത തയ്യാറായിട്ടില്ല. ബിജെപി അധികാരത്തില്‍ വരുമെന്ന വ്യാമോഹത്തിലാണ് അവരുടെ പ്രവര്‍ത്തനമെന്നും മമത പറഞ്ഞു.
ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. നുണകളുടെ കൂമ്പാരമാണെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത് എത്തിയപ്പോള്‍ നാരദ സ്റ്റിങ് ഓപ്പറേഷനും ശാരദ അഴിമതിയെയും പറ്റി പറയുകയാണെന്നും മമത പറഞ്ഞു. ഒരു കാര്യം വ്യക്തമായി പറയുന്നു. ബിജെപിയെയും ഒരൂ ഏജന്‍സിയെയും താന്‍ ഭയക്കുന്നില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ പിടിച്ച് ജയിലില്‍ ഇടാം. ജയിലില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുമെന്നും മമത പറഞ്ഞു.