X

കമ്മീഷന്‍ നടപ്പാക്കുന്നത് ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ മുതിര്‍ന്ന പൊലീസുകാരെ മാറ്റാനുള്ള നടപടിക്കെതിരെ മമത

കൊല്‍ക്കത്ത: ബി.ജെ.പിയുടെ താല്‍പര്യപ്രകാരമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിലെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഐ.പി.എസ് ഉദ്യോഗസ്ഥരെ നീക്കാനുള്ള തെരഞ്ഞെടുപ്പു പാനലിന്റെ തീരുമാനം മുന്‍വിധിയോടെയുള്ളതാണെന്നും ബി.ജെ.പിയുടെ താല്‍പര്യപ്രകാരമാണ് അത്തരമൊരു തീരുമാനം എടുത്തിട്ടുള്ളതെന്നും മമത ആരോപിച്ചു. നല്ല പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ മാറ്റിയിരിക്കുന്നത്. അത് തങ്ങളെ ബാധിക്കില്ല. സാധിക്കുമെങ്കില്‍ ആദ്യം തന്നെ മാറ്റൂ എന്നും മമത വെല്ലുവിളിച്ചു.


ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പാണ് കൊല്‍ക്കത്ത, ബിന്ദാനഗര്‍ കമ്മീഷണര്‍മാര്‍ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥരെ മാറ്റാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ എല്ലാ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പു നിരീക്ഷകന്‍ വിവേക് ദുബെയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടിയെന്നാണ് വാര്‍ത്ത.
അതിനിടെ ശാരദ ചിട്ടിഫണ്ട് കേസില്‍ മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

web desk 1: