ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്ക കേസിലെ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്നതില്‍ തീരുമാനമായില്ല.
ഭരണഘടനാ ബെഞ്ചിന് ഹര്‍ജികള്‍ വിടണമോ എന്ന കാര്യത്തില്‍ ഈ മാസം 20ന് വാദം തുടരും. അതേ സമയം ഭരണഘടനാ ബെഞ്ചിന് ഹര്‍ജികള്‍ വിടുന്നതിനെ എതിര്‍ത്ത് ഷിയാ വഖഫ് ബോര്‍ഡ് രംഗത്തെത്തി. ബാബരി കേസ് സമാധാനപരമായി തീര്‍ക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് യു.പി ശിയാ വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചു.
അലഹാബാദ് ഹൈക്കോടതി മുസ്്‌ലിംകള്‍ക്കായി അനുവദിച്ച ഭൂമിയുടെ ഒരു ഭാഗം ക്ഷേത്ര നിര്‍മാണത്തിന് വിട്ടു നല്‍കാനും ഒരുക്കമാണെന്ന് ഷിയാ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. ബാബരി മസ്ജിദിന്റെ കസ്‌റ്റോഡിയന്‍ ഷിയ, സുന്നി വഖഫ് ബോര്‍ഡുകളാണെന്നും മറ്റാര്‍ക്കും മുസ്്‌ലിംകളെ പ്രതിനിധീകരിക്കാന്‍ അധികാരമില്ലെന്നും ഷിയ വഖഫ് ബോര്‍ഡ് പറഞ്ഞു. അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നും അവിടെ രാമന്റെ ജന്മസ്ഥലമാണെന്നും, ബാബറിനു വേണ്ടി സഹാനുഭൂതി കാണിക്കുന്നവര്‍ തോല്‍ക്കുമെന്നും ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി പറഞ്ഞു. അതേ സമയം ഷിയ വഖഫ് ബോര്‍ഡ് ഇല്ലാത്ത സഹാനുഭൂതിയുമായി രംഗത്തു വരികയാണെന്നും ഷിയ വഖഫ് ബോര്‍ഡിന് കേസില്‍ യാതൊരു സ്ഥാനവുമില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി.
അഫ്ഗാനിസ്താനിലെ ബാമിയാനിലെ ബുദ്ധ പ്രതിമകള്‍ താലിബാന്‍ തകര്‍ത്തത് പോലെ ഹിന്ദു താലിബാന്‍ ആണ് ബാബറി മസ്ജിദ് തകര്‍ത്തത് എന്നാണ് തന്റെ അഭിപ്രായമെന്ന് മുസ്‌ലീം സംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ കോടതിയില്‍ പറഞ്ഞു.
ഒരു മതത്തിനും പള്ളി തകര്‍ക്കാന്‍ അവകാശമില്ല. ഒരിക്കല്‍ തകര്‍ത്തതുകൊണ്ട് പിന്നീട് ഒന്നും ചെയ്യാന്‍ ആകില്ലെന്ന വാദം ശരിയല്ലെന്നും അദ്ദേഹം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ വ്യക്തമാക്കി.