ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ശതകോടികളുടെ വായ്പയെടുത്തു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാനാവില്ലെന്ന് ബ്രിട്ടന്‍. കേസുമായി ബന്ധപ്പെട്ട ‘രഹസ്യ നിയമ പ്രശ്‌നം’ പരിഹരിക്കും വരെ മല്യയെ നല്‍കാനാവില്ല എന്നാണ് ബ്രിട്ടന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്.
തന്നെ തിരിച്ചയക്കാന്‍ അനുവദിച്ചുള്ള കോടതി വിധിക്കെതിരെ നേരത്തെ മല്യ ബ്രിട്ടീഷ് സുപ്രിം കോടതിയെ സമീപിച്ചിരുന്നു എങ്കിലും കോടതി അത് പരിഗണിച്ചിരുന്നില്ല. ഇതിനു ശേഷം മദ്യവ്യവസായിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇന്ത്യ. ബ്രിട്ടീഷ് അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്ത പറഞ്ഞു. കേസില്‍ ഇന്ത്യ കക്ഷിയല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
അപ്പീല്‍ തള്ളിയ ശേഷം യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ മൂന്നാം വകുപ്പു പ്രകാരം മല്യ യുകെയില്‍ അഭയം ചോദിച്ചിരുന്നു. 2018ലാണ് ബ്രിട്ടീഷ് ഹൈക്കോടതി മല്യയെ തിരിച്ചയക്കാമെന്ന് ഉത്തരവിട്ടിരുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഇതിനെതിരെയുള്ള അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.
വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത ശേഷം അതു തിരിച്ചടക്കാതെ മല്യ മുങ്ങുകയായിരുന്നു. 2016 മാര്‍ച്ചിനാണ് മല്യ ഇന്ത്യ വിട്ടത്.