X

റയലിനെ സമനിലയില്‍ തളച്ച് മയ്യോര്‍ക്ക

സ്പാനിഷ് ലീഗില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് സമനിലയോടെ അരങ്ങേറ്റം. പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ മയ്യോര്‍ക്കയാണ് റയലിനെ 1-1ന് പിടിച്ചുകെട്ടിയത്. ബുധനാഴ്ച യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ അറ്റ്‌ലാന്റക്കെതിരെ പുതിയ ക്ലബിനായി അരങ്ങേറിയ എംബാപ്പെ കിരീടത്തോടെയാണ് റയലില്‍ തുടക്കമിട്ടത്. 2-0ത്തിന് ജയിച്ച മത്സരത്തില്‍ ഒരു ഗോള്‍ നേടാനും ഫ്രഞ്ച് നായകന് കഴിഞ്ഞിരുന്നു.

മയ്യോര്‍ക്കക്കെതിരായ മത്സരത്തില്‍ റയല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ ഒരുക്കുന്നതില്‍ എതിരാളികള്‍ ഒപ്പത്തിനൊപ്പം നിന്നു. ആറാം മിനിറ്റില്‍ തന്നെ മയ്യോര്‍ക്ക ഗോളിനടുത്തെത്തിയെങ്കിലും ഉശിരന്‍ ഷോട്ട് ഗോള്‍കീപ്പര്‍ തിബൊ കുര്‍ട്ടോ പറന്നുയര്‍ന്ന് കുത്തിയകറ്റി. 13ാം മിനിറ്റില്‍ റയല്‍ ലീഡെടുത്തു. ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അതിമനോഹരമായ ബാക്ക്ഹീല്‍ പാസില്‍നിന്ന് മറ്റൊരു ബ്രസീലുകാരന്‍ റോഡ്രിഗോയാണ് ഗോള്‍ നേടിയത്. വൈകാതെ റോഡ്രിഗോക്ക് ലീഡ് ഇരട്ടിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഇത്തവണ എതിര്‍ ഗോള്‍കീപ്പര്‍ തടസ്സംനിന്നു. 25ാം മിനിറ്റില്‍ എംബാപ്പെയും ഗോളിനടുത്തെത്തിയെങ്കിലും ശ്രമം പോസ്റ്റിനോട് ചേര്‍ന്ന് പുറത്തുപോയി. ആദ്യപകുതി അവസാനിക്കാനിരിക്കെ മയ്യോര്‍ക്ക തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും ഇത്തവണയും റയല്‍ ഗോള്‍കീപ്പര്‍ പന്ത് കടത്തിവിട്ടില്ല.

എന്നാല്‍, രണ്ടാം പകുതി തുടങ്ങി 8 മിനിറ്റിനകം മയ്യോര്‍ക്ക തിരിച്ചടിച്ചു. ഡാനി റോഡ്രിഗസിന്റെ കോര്‍ണര്‍ കിക്കില്‍ ബുള്ളറ്റ് ഹെഡറിലൂടെ വെദാത്ത് മുരീഖിയാണ് റയല്‍ വല കുലുക്കിയത്. തുടര്‍ന്ന് രണ്ട് തുടരന്‍ അവസരങ്ങള്‍ എംബാപ്പെയെ തേടിയെത്തിയെങ്കിലും എതിര്‍ ഗോള്‍കീപ്പര്‍ വഴങ്ങിയില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ എതിര്‍താരത്തെ മാരകമായി ഫൗള്‍ ചെയ്തതിന് റയല്‍ താരം ഫെര്‍ലാന്‍ഡ് മെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് പിന്നാലെ മത്സരത്തിനും വിരാമമായി.

webdesk13: