X

ഗ്രാസ് റൂട്ടില്‍ തുടങ്ങണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തിരഞ്ഞടുപ്പ് ഫലങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പാര്‍ട്ടി ഭാരവാഹികള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ലന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് സംഘടന തലത്തില്‍ കൂടുതല്‍ കരുത്താര്‍ജിക്കണമെന്നും പോഷക സംഘടനകളെ ശക്തിപ്പെടുത്തണമന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതൃത്വം മുതല്‍ ബൂത്ത് തലം വരെ എത്രയും വേഗം സംഘടനയെ ശക്തിപ്പെടുത്തേണ്ടത് പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഠിനാധ്വാനം ചെയ്യണമെന്നും സ്വയം ബൂത്തില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ നിര്‍മ്മാണത്തില്‍ ഐഎന്‍ടിയുസിയെ പോലുള്ള സംഘടനകളേയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ സ്വയം ഗ്രാസ്റൂട്ട് ലെവലില്‍ ബൂത്ത്, മണ്ഡല്‍, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് പോയാല്‍, നിങ്ങള്‍ക്ക് അവിടെ പുതിയ ആളുകളെ ചേര്‍ക്കാന്‍ കഴിയും. പദയാത്ര, സംവാദ്, കോര്‍ണര്‍ മീറ്റിംഗുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന് കീഴില്‍ നടത്താം. എന്നാല്‍ അത്തരം ഓരോ പരിപാടിയുടെയും ലക്ഷ്യം സംഘടനയുടെ ശാക്തീകരണമായിരിക്കണം. വിശ്വാസയോഗ്യരും പ്രത്യയശാസ്ത്രപരമായി ശക്തരുമായ ആളുകളെ നിങ്ങളോടൊപ്പം കൊണ്ടുവരണം.

പാര്‍ട്ടിക്ക് വളരെ ഉപകാരപ്രദമാകാന്‍ സാധ്യതയുള്ളവരെ , മുന്നോട്ട് കൊണ്ടുവരാന്‍ കഴിയും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധതയുള്ള, പ്രതികൂല സാഹചര്യങ്ങളില്‍ പോലും നമ്മോടൊപ്പം നില്‍ക്കുന്ന ആളുകളെ നാം പ്രോത്സാഹിപ്പിക്കണം. സംസ്ഥാനങ്ങളുടെ സംഘടനയ്ക്കും ഭാവി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കും പ്രവര്‍ത്തകര്‍ എല്ലാവരും ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യന്‍ കുടിയേറ്റക്കാരോട് മോദി സര്‍ക്കാര്‍ പെരുമാറിയ രീതിയെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അപലപിച്ചു, അത് അവരുടെ അന്തസ്സിനെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു . മോദിയുടെ സന്ദര്‍ശനത്തിനു ശേഷവും അമേരിക്ക മുമ്പത്തെപ്പോലെ ഇന്ത്യന്‍ പൗരന്മാരെ വിലങ്ങണിയിച്ച് തിരിച്ചയക്കുകയാണ്. സസ്യാഹാരികളായ യാത്രക്കാര്‍ക്ക് നോണ്‍-വെജ് ഭക്ഷണം നല്‍കുന്നു . ഈ അപമാനത്തില്‍ ശരിയായി പ്രതിഷേധിക്കുന്നതില്‍ നമ്മുടെ സര്‍ക്കാരും പരാജയപ്പെട്ടു.

അതേസമയം, നമ്മുടെ മുന്നില്‍ ഒരു പുതിയ വെല്ലുവിളി ഉയര്‍ന്നുവന്നതായും അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം വലിയ തോതില്‍ നടക്കുന്നു എന്നത് കരുതിയിരിക്കേണ്ടതാണ്. ലോക്സഭയിലും രാഹുല്‍ ഗാന്ധി ഇതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി പുതിയ പേരുകള്‍ ചേര്‍ക്കുന്നു. ഈ കൃത്രിമം എന്തുവിലകൊടുത്തും അവസാനിപ്പിക്കണം.അതു പോലെ തന്നെ നമ്മുടെ പിന്തുണക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഇല്ലാതാക്കുന്നുണ്ടെന്നും മനസ്സിലാകും. അല്ലെങ്കില്‍ പേര് നീക്കം ചെയ്ത് അടുത്തുള്ള ബൂത്തില്‍ ചേര്‍ക്കുന്ന രീതിയുമുണ്ട്.

ഈ കാര്യങ്ങള്‍ക്കൊപ്പം, രാജ്യം എണ്ണമറ്റ വെല്ലുവിളികള്‍ നേരിടുന്നതായും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഒരു സ്ഥിരം പ്രശ്‌നമായി തുടരുന്നു. മോദി സര്‍ക്കാര്‍ ഈ വിഷയത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.

webdesk13: