X

‘മാലിക്’ അടുത്ത പെരുന്നാളിന്; റിലീസ് തീയതി പ്രഖ്യാപിച്ച് ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ നായകനായെത്തുന്ന പുതിയ ചിത്രം മാലിക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മെയ് 13ന് പെരുന്നാള്‍ റിലീസായി മാലിക് തിയേറ്ററില്‍ എത്തുമെന്ന് ഫഹദ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം.

ടേക്ക് ഓഫിനും സീ യു സൂണിനും ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ടേക്ക് ഓഫിന് ശേഷം ആരംഭിച്ച മാലിക്കിന്റെ റിലീസ് കോവിഡ് ലോക്ക്ഡൗണ്‍ മൂലം വൈകുകയായിരുന്നു.

20 വയസു മുതല്‍ 55 വയസു വരെയുള്ള ഒരാളുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. യുവാവിന്റെയും 55കാരന്റെയും വയസില്‍ ഫഹദ് എത്തുന്നുണ്ട്. ഇതിനായി 20 കിലോയോളം ഫഹദ് ഭാരം കുറച്ചിരുന്നു. ചിത്രത്തിലെ തന്റെ ഗെറ്റപ്പ് ഫഹദ് പുറത്തു വിട്ടിട്ടുണ്ട്.

ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, നിമിഷ സജയന്‍, ചന്ദുനാഥ് തുടങ്ങിയവരും മാലിക്കില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഫഹദിന്റെ കരിയറില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്ക്. 25 കോടിയിലേറെ രൂപയാണ് സിനിമയുടെ ബജറ്റ്. സുശിന്‍ ശ്യാമാണ് മാലിക്കിന് വേണ്ടി സംഗീതം ചെയ്യുന്നത്.

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പാട്ട് എന്ന ചിത്രത്തിലും ഫഹദാണ് നായകന്‍. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

 

web desk 1: