X

മുസ്‌ലിം വംശഹത്യ: മ്യാന്മര്‍-മലേഷ്യ ബന്ധം തകരുന്നു

യാങ്കൂണ്‍: റോഹിന്‍ഗ്യാ മുസ്്‌ലിംകളെ അടിച്ചമര്‍ത്തുന്ന സൈനിക നടപടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മലേഷ്യയും മ്യാന്മറും തമ്മിലുള്ള ബന്ധം വഷളാകുന്നു. ജോലി ആവശ്യാര്‍ത്ഥം മലേഷ്യയിലേക്കുള്ള യാത്രകള്‍ക്ക് മ്യാന്മര്‍ വിലക്കേര്‍പ്പെടുത്തി. മുസ്്‌ലിം വംശഹത്യക്ക് മൗനാനുവാദം നല്‍കി മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി കാഴ്ചക്കാരിയായി നില്‍ക്കുകയാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ആരോപിച്ചിരുന്നു.

 

ഞായറാഴ്ച ക്വാലാലംപൂരില്‍ നടന്ന റാലിയിലാണ് നജീബ് റസാഖ് സൂകിയെ രൂക്ഷമായി വിമര്‍ശിച്ചത്. വംശഹത്യ തുടരുമ്പോള്‍ ലോകത്തിന് കണ്ടിരിക്കാനാവില്ല. ഇത് നിര്‍ത്തണമെന്ന് ഞങ്ങള്‍ സൂകിയോട് ആവശ്യപ്പെടുന്നു. ഇസ്‌ലാമിനെയും മുസ്്‌ലിംകളെയും ഞങ്ങള്‍ സംരക്ഷിക്കും-മ്യാന്മറിലെ മുസ്്‌ലിം വേട്ടക്കെതിരെ നടത്തിയ റാലിയില്‍ അദ്ദേഹം പറഞ്ഞു. ആസിയാനില്‍നിന്ന് മ്യാന്മറിനെ പുറത്താക്കണമെന്ന് ഒരു മലേഷ്യന്‍ മന്ത്രിയും ആവശ്യപ്പെട്ടിരുന്നു. മലേഷ്യയുടെ ആരോപണങ്ങള്‍ മ്യാന്മര്‍ ഭരണകൂടം നിഷേധിച്ചിട്ടുണ്ട്.

 

എന്നാല്‍ റാഖിന്‍ സ്റ്റേറ്റില്‍ റോഹിന്‍ഗ്യാ മുസ്്‌ലിംകളുടെ സ്ഥിതി ദയനീയമാണെന്ന് മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ പറയുന്നു. റാഖിനില്‍ നൂറിലേറെ പേരെ മ്യാന്മര്‍ സേന കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. മുസ്്‌ലിം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. നൂറുകണക്കിന് വീടുകള്‍ സൈന്യം തീവെച്ച് നശിപ്പിച്ചു. സൈനിക നടപടി ഭയന്ന് 20,000ത്തോളം റോഹിന്‍ഗ്യാ മുസ്്‌ലിംകള്‍ ബംഗ്ലംദേശിലേക്ക് പലായനം ചെയ്തു.

 

ആയിരക്കണക്കിന് മുസ്്‌ലിംകള്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തിയില്‍ പ്രവേശനം കാത്ത് കഴിയുകയാണ്. ബുദ്ധതീവ്രവാദികളുടെയും സൈന്യത്തിന്റെയും ആക്രമണത്തില്‍നിന്ന് രക്ഷതേടി റോഹിന്‍ഗ്യകള്‍ മലേഷ്യയിലേക്കും കുടിയേറുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 56,000 റോഹിന്‍ഗ്യാ മുസ്്‌ലിംകള്‍ മലേഷ്യയില്‍ എത്തി. റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കാന്‍ മ്യാന്മര്‍ തയാറല്ല.

chandrika: