മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി കേണല്‍ പ്രസാദ് പുരോഹിതിന് ജയിലിന് പുറത്ത് സൈനിക ഉദ്യോഗസ്ഥരുടെ സ്വീകരണം. സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പുരോഹിത് ഇന്നലെ രാവിലെയാണ് മുംബൈയിലെ ടലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ പുരോഹിത് കൊളാബയിലെ സൈനിക ആസ്ഥാനത്തെത്തി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉടന്‍ തന്നെ കേണല്‍ പുരോഹിതിന് പോസ്റ്റിങ് ഓര്‍ഡര്‍ നല്‍കുമെന്നാണ് വിവരം.
അടുത്ത 24 മണിക്കൂറിനുള്ളില്‍ പുരോഹിതിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പുതിയ പോസ്റ്റിങ് ഓര്‍ഡര്‍ നല്‍കുമെന്നും അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ സൈനിക ആസ്ഥാനത്തെത്തിയതെന്നുമാണ് വിവരം. ആറ് പേരുടെ മരണത്തിനും, നിരവധി പേരുടെ പരിക്കിനും കാരണമായ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് ആര്‍മി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന കേണല്‍ പ്രസാദ് പുരോഹിത്. മക്കോക്ക കുറ്റം ഒഴിവാക്കി, കുറ്റപത്രം സമര്‍പ്പിക്കുന്നതിലുണ്ടായ കാല താമസം തുടങ്ങിയ സാങ്കേതിക കാരണങ്ങളാണ് ജാമ്യം അനുവദിക്കുന്നതിന് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ഭീകരവാദക്കേസിലെ പ്രതിയായ പുരോഹിതിനെ സൈനിക ജോലിയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ജാമ്യത്തിലാണെങ്കിലും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് പുരോഹിത്. ഒരു ഭീകരാക്രമണക്കേസിലെ പ്രതി, കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുമ്പ് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത് സൈനിക ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിമര്‍ശമാണ് ഉയരുന്നത്.