X

മാലദ്വീപ് : ചൈന, പാക്, സഊദി രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധികള്‍, ഇന്ത്യയെ ഒഴിവാക്കി; ഭിന്നത മുറുകുന്നു

 

ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മാലദ്വീപിലെ അബ്ദുല്ല യമീന്‍ സര്‍ക്കാറും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. അയല്‍ രാഷ്ട്രമായ ഇന്ത്യയെ തഴഞ്ഞ് ചൈനയിലേക്കും പാകിസ്താനിലേക്കും സഊദി അറേബ്യയിലേക്കും പ്രത്യേക പ്രതിനിധികളെ അയച്ച യമീന്‍ ഭരണകൂടത്തിന്റെ നടപടിയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. അതേസമയം പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചെങ്കിലും ഇന്ത്യ നിഷേധിക്കുകയായിരുന്നുവെന്ന് ഡല്‍ഹിയിലെ മാലദ്വീപ് നയതന്ത്ര പ്രതിനിധി പ്രതികരിച്ചു.

പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കി ഉത്തരവു പ്രകടിപ്പിച്ച സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ജയിലില്‍ അടക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത അബ്ദുല്ല യമീന്‍ ഭരണകൂടത്തിന്റെ നടപടിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചെറുദ്വീപുകളുടെ രാഷ്ട്രരൂപമായ മാലദ്വീപിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. സുപ്രീംകോടതി വിധിയെ ഇന്ത്യ സ്വാഗതം ചെയ്യുകയും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ അപലപിക്കുകയും ചെയ്തിരുന്നു. യു.എസും ബ്രിട്ടനും യു.എന്നും ഉള്‍പ്പെടെ ഇന്ത്യയുടെ അതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി നടപ്പിലാക്കാനും അടിയന്തരാവസ്ഥ പിന്‍വലിക്കാനും രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായ പശ്ചാത്തലത്തിലാണ്, യമീന്‍ ഭരണകൂടം വിദേശ പിന്തുണ തേടുന്നത്.

മാലദ്വീപില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന് പ്രവാസ ജീവിതം നയിക്കുന്ന മുന്‍ പ്രസിഡണ്ട് മുഹമ്മദ് നഷീദ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ചൈന ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ അവഗണിച്ച് ചൈന ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലേക്ക് യമീന്‍ ഭരണകൂടം പ്രതിനിധികളെ അയച്ചത്. ഫലത്തില്‍ മാലദ്വീപ് വിഷയത്തില്‍ ഇന്ത്യയും ചൈനയും രണ്ടു പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
ധനമന്ത്രി മുഹമ്മദ് സഈദ്, വിദേശകാര്യ മന്ത്രി മുഹമ്മദ് അസിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബീജിങും ഇസ്‌ലാമാബാദും സന്ദര്‍ശിക്കുക. കാര്‍ഷിക, തുറമുഖ വകുപ്പ് മന്ത്രി മുഹമ്മദ് ഷൈനീയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രി സഊദി തലസ്ഥാനമായ റിയാദില്‍ എത്തിയിട്ടുണ്ട്.

പ്രതിനിധി സംഘത്തെ അയക്കുന്നത് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉള്‍പ്പെടെ ആശങ്കയുണ്ടാക്കുന്ന നടപടികള്‍ക്ക് പരിഹാരമല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ജനാധിപത്യവും നിയമവാഴ്ചയും പുനഃസ്ഥാപിക്കുകയാണ് മാലെ ഭരണകൂടം അദ്യം ചെയ്യേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി.

അതേസമയം മാലെ പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ചെന്ന ആരോപണത്തോട് ഇന്ത്യ പ്രതികരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വിദേശ സന്ദര്‍ശനത്തില്‍ ആയതിനാലാണ് അനുമതി നിഷേധിച്ചതെന്ന് സൂചനയുണ്ട്. ത്രിദിന സഊദി സന്ദര്‍ശനത്തിനായി സുഷമാ സ്വരാജ് ഇന്നലെ യാത്ര തിരിച്ചിരുന്നു. യു.എ.ഇ, ജോര്‍ദ്ദാന്‍, ഫലസ്തീന്‍, ഒമാന്‍ തുടങ്ങി ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രിയും ഡല്‍ഹിയില്‍നിന്ന് തിരിക്കും. ഇതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് കരുതുന്നതായി മാലദ്വീപ് നയതന്ത്ര പ്രതിനിധി അഹമ്മദ് മുഹമ്മദ് പറഞ്ഞു. അനുമതി തേടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാലദ്വീപില്‍ സൈനിക ഇടപെടല്‍ സംബന്ധിച്ച യാതൊരു സൂചനയും ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം ചൈനയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മാലദ്വീപിനെ മുന്നില്‍ നിര്‍ത്തി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ഇടപെടലിന് ശ്രമിച്ചേക്കുമോ എന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.

chandrika: