X

മാലദ്വീപ് പ്രതിസന്ധി മുറുകുന്നു; സുപ്രീംകോടതി ജഡ്ജിമാര്‍ അറസ്റ്റില്‍

മാലെ: അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മാലദ്വീപില്‍ പ്രതിപക്ഷത്തെയും ജുഡീഷ്യറിയേയും വേട്ടയാടി അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ സൈന്യം അറസ്റ്റു ചെയ്തു. സുപ്രീംകോടതി മന്ദിരത്തിലേക്ക് ഇരച്ചുകയറിയാണ് സൈന്യം ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, ജഡ്ജ് അലി ഹമീദ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തത്. അബ്ദുല്ല യമീന്റെ അര്‍ധ സഹോദരനും മുന്‍ പ്രസിഡണ്ടുമായ മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുന്ന മുന്‍ പ്രസിഡണ്ടും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നഷീദ് ഇന്ത്യയുടേയും യു.എസിന്റെയും സഹായം തേടി. നഷീദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സുപ്രീംകോടതി വിധിയെ നേരത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് രാജ്യത്ത് അടിയന്തരവാസ്ഥ പ്രഖ്യാപിക്കുന്നതായി മാലദ്വീപ് പ്രസിഡണ്ട് അബ്ദുല്ല യമീന്‍ വ്യക്തമാക്കിയത്. ഇതിനു തൊട്ടു പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റു ചെയ്തത്. അഴിമതി, ജുഡീഷ്യറിയുടെ അമിതാധികാര പ്രയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരേയും ജയിലില്‍ അടച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയെതുടര്‍ന്ന് പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റിന്റെ പ്രവര്‍ത്തനവും സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്.

chandrika: