മാലെ: മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ല യാമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ള സ്ഥിതിഗതികള്‍ പഠിക്കുവാനെത്തിയ അന്താരാഷ്ട്ര അഭിഭാഷക സംഘത്തെ അധികൃതര്‍ നാടുകടത്തി. മാലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നാലംഗ സംഘത്തെ തടഞ്ഞുവെച്ച ശേഷം തിരിച്ചയക്കുകയായിരുന്നുവെന്ന് മേഖലയിലെ അഭിഭാഷകരുടെ കൂട്ടായ്മയായ ലോ ഏഷ്യ പറയുന്നു.
മാലദ്വീപിലെ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ആവശ്യപ്പെടാതെ എത്തിയ വസ്തുതാന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ വിലയിരുത്തലിന്റെ ഗുണം ഭരണകൂടത്തിന് നഷ്ടപ്പെട്ടതായി ലോ ഏഷ്യ പ്രസ്താവനയില്‍ വ്യക്തമാക്കി. അടിയന്തരാവസ്ഥക്കു ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രതിനിധികളെ അയക്കാന്‍ മാലദ്വീപ് ഭരണകൂടം അന്താരാഷ്ട്ര സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ലോ ഏഷ്യയുടെ സംഘം മാലെയില്‍ എത്തിയത്.
രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനും പുറത്താക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളെ തിരിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പ്രസിഡന്റ് യാമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെതിരെയുള്ള ഭീകരവാദ കേസ് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി വിധി കാറ്റില്‍ പറത്തി ചീഫ് ജസ്റ്റിസിനെയും മറ്റൊരു മുതിര്‍ന്ന ജഡ്ജിയേയും പുറത്താക്കി പ്രസിഡന്റ് യാമിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണുണ്ടായത്. പ്രതിപക്ഷ എം.പിമാരെ തിരിച്ചെടുക്കുന്നതിലൂടെ പാര്‍ലമെന്റില്‍ തനിക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാനാണ് അദ്ദേഹം ഇത്തരമൊരു നീക്കം നടത്തിയത്. അതേസമയം മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിന്റെ മകളും ആരോഗ്യമന്ത്രിയുമായ ദുനിയ മഅ്മൂന്‍ രാജിവെച്ചു. പിതാവിനെ അറസ്റ്റ് ചെയ്യാന്‍ യാമീന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അവര്‍ക്കുമേല്‍ രാജിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അബ്ദുല്‍ ഖയ്യൂമിനെ അറസ്റ്റ് ചെയ്തത്.