X

ഫലസ്തീന്‍ യുവ പണ്ഡിതന്‍ അല്‍ ബത്ഷിന്റെ കൊലപാതകം: കൊലയാളിയുടെ ഫോട്ടോ പുറത്തുവിട്ടു

ക്വാലാലംപൂര്‍: ഫലസ്തീന്‍ യുവ പണ്ഡിതനും ഹമാസ് അംഗവുമായ ഫാദി അല്‍ ബത്ഷിനെ കൊലപ്പെടുത്തിയവര്‍ മലേഷ്യയില്‍ തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്. കൊലയാളികളാമയ രണ്ടുപേരില്‍ ഒരാളുടെ ഫോട്ടോ പൊലീസ് ഇന്നലെ പുറത്തുവിട്ടു. നേരത്തെ ഇവരുടെ രേഖാചിത്രം പുറത്തിറക്കിയിരുന്നു.

യൂറോപ്യന്‍മാരോ പശ്ചിമേഷ്യയില്‍നിന്നുള്ളവരോ ആകാം ഇവരെന്ന് അന്വേഷണ സംഘം അഭിപ്രായപ്പെട്ടു. അല്‍ ബത്ഷിനെ കൊലപ്പെടുത്തിയ സ്ഥലത്തുനിന്ന് അല്‍പം അകലെ ഒരു തടാകത്തിന് സമീപം കൊലയാളികള്‍ എത്തിയ ബൈക്ക് കണ്ടെത്തിയിരുന്നു. ഇതുപയോഗിച്ചാണ് ഒരാളുടെ ഫോട്ടോ കണ്ടെത്തിയതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദ് ഫുസി ഹാറൂണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി അവസാനമാണ് കൊലയാളികള്‍ മലേഷ്യയില്‍ എത്തിയതെന്ന് സംശയിക്കുന്നു. അവര്‍ രാജ്യത്തിന് പുറത്തുപോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇസ്രാഈല്‍ ചാരസംഘടനയായ മൊസാദാണ് കൊലപാതകത്തിന് പിന്നിലെന്ന് അല്‍ ബത്ഷിന്റെ കുടുംബവും ഹമാസും പറയുന്നു. ഒരു വിദേശ ചാരസംഘടനക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് മലേഷ്യന്‍ അധികാരികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോപണം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ഇസ്രാഈല്‍ ഇതുവരെ തയാറായിട്ടില്ല. അല്‍ ബത്ഷിന്റെ മൃതദേഹം ഇന്നലെ ക്വാലാലംപൂരിലെ പള്ളിയില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഗസ്സയിലേക്ക് കൊണ്ടുപോയി.

chandrika: