X

സാകിര്‍ നായികിനെ കൈമാറും; പാസ്‌പോര്‍ട്ട് റദ്ദാക്കില്ലെന്ന് മലേഷ്യന്‍ ഭരണകൂടം

ക്വലാലംപൂര്‍: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറുമെന്ന് മലേഷ്യന്‍ ഭരണകൂടം.

മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹാമീദിയാണ് സാകിര്‍ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നും ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, സാകിര്‍ നായികിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കില്ലെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി അറിയിച്ചു. മലേഷ്യയിലെ നിയമങ്ങള്‍ അദ്ദേഹം ഇതുവരെ ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഹമീദി പറഞ്ഞത്.

മലേഷ്യന്‍ ഭരണകൂടത്തില്‍ നിന്ന് അനുകൂല നീക്കമുണ്ടായ സാഹചര്യത്തില്‍ സാകിര്‍ നായികിനെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരുന്നതിന് വൈകാതെ അപേക്ഷ നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

AlsoRead:


സാകിര്‍ നായികിനെ രാജ്യത്ത് തിരിച്ചെത്തിക്കല്‍; നിയമനടപടി പൂര്‍ത്തിയായി


 

സാകിര്‍ നായികിന്റെ മുംബൈയിലെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് മലേഷ്യന്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

നായികിനെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നത്.

ക്രിമിനല്‍ നടപടിച്ചട്ടം 83 പ്രകാരമാണ് സ്വത്ത് കണ്ടക്കെട്ടാനുള്ള നീക്കം നടക്കുന്നത്. എന്നാല്‍ എന്‍ഐഎ ഹര്‍ജിക്കെതിരെ നായികും കോടതിയെ സമീപിച്ചിട്ടുണ്ട്.

യു.എ.പി.എ, ഐപിസി വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം നവംബര്‍ 18നാണ് എന്‍ഐഎ നായികിനെതിരെ കേസെടുത്തത്.

നായികിനെ പ്രഖ്യാപിത കുറ്റവാളിയായി മുംബൈ പ്രത്യേക കോടതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

ധാക്ക സ്‌ഫോടനത്തില്‍ പിടിയിലായവര്‍ സാകിര്‍ നായികിന്റെ പ്രഭാഷണം സ്വാധീനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. ഇതേത്തുടര്‍ന്ന് 2016 ജൂലൈ ഒന്നിന് നായികിന് ഇന്ത്യ വിടേണ്ടി വന്നിരുന്നു.

അദ്ദേഹത്തെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിന് ഇന്റര്‍പോളിന്‍രെ അടക്കം സഹായസാധ്യതകളും എന്‍ഐഎ തേടിയിരുന്നു.

chandrika: