പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ അറസ്റ്റിലായി. ഇത്തരം പ്രവണതകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കി. ലേബര്‍ ക്യാംപ്, ബാച്ച്ലേഴ്‌സ് താമസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.
ഇന്നലെ മുസഫ ഷാബിയ 12ല്‍ നടന്ന പരിശോധനയില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. കോടതി വിധി അനുസരിച്ച് തടവോ പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കും. വ്യക്തിഗത ആവശ്യത്തിനു മദ്യം വാങ്ങാന്‍ യു.എ.ഇയില്‍ അനുമതിയുണ്ട്.
താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിക്കരുതെന്നാണ് നിയമം. വ്യക്തികള്‍ മദ്യം വില്‍ക്കുന്നതും ശേഖരിക്കുന്നതും നിയമലംഘനമാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ തടവിനു പുറമെ 50,000 ദിര്‍ഹം (11.31 ലക്ഷം രൂപ) വരെ പിഴയും ലഭിക്കാം. ചില കേസുകളില്‍ നാടുകടത്തലുമുണ്ടാകും. ഷാര്‍ജ എമിറേറ്റില്‍ മദ്യം വാങ്ങാനോ വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം.