അശ്‌റഫ് തൂണേരി
ദോഹ: ലോക സമൂഹത്തിന് മാനവികതയുടെ മനോഹാരിത പകര്‍ന്ന് ആരംഭിച്ച ഖത്തര്‍ ലോകകപ്പ് അവസാനിക്കാന്‍ ദിനങ്ങള്‍ മാത്രം ബാക്കി. പല നിലകളില്‍ കായിക ചരിത്രത്തില്‍ വേറിട്ടതായി അടയാളപ്പെട്ടുകഴിഞ്ഞ ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് എങ്ങിനെ ഖത്തറിലെത്തിയെന്നതിന് പലതരം വ്യാഖ്യാനങ്ങള്‍ അന്തരീക്ഷത്തില്‍ പറന്നുനടക്കുന്നുണ്ട്. ശക്തമായ വെല്ലുവില്‍കള്‍ അതിജീവിച്ച് ഖത്തറിലേക്ക് ലോകകപ്പ് എത്തിക്കുന്നതിന് അഹോരാത്രം പ്രയത്‌നിച്ച ഒരാള്‍ ഖത്തറിലുണ്ട്. ഫിഫ എക്‌സിക്യൂട്ടിവ് മുന്‍ അംഗവും ദീര്‍ഘകാലം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ കോണ്‍ഫെഡറേഷന്‍(എ.എഫ്.സി) മുന്‍ പ്രസിഡന്റുമായിരുന്ന മുഹമ്മദ് ബിന്‍ ഹമ്മാം. ഖത്തര്‍ കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ സംഘാടകന്‍. ഹമ്മാമിന് താങ്ങും തണലുമായി പ്രവര്‍ത്തിച്ചതാകട്ടെ മലയാളിയും. കോഴിക്കോട്, കാരപ്പറമ്പ് സ്വദേശി ചിറക്കല്‍ അഹ്മദ് നജീബ്. ഹമ്മാമിന്റെ ഓഫീസ് മാനേജര്‍ എന്ന പദവിയില്‍ വര്‍ഷങ്ങളായി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനപങ്കുവഹിച്ച നജീബ് ഈ ദൗത്യവുമായി ഹമ്മാമിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു.
1991 മുതല്‍ ഹമ്മാമിന്റെ ഓഫീസ് മാനേജറായി പ്രവര്‍ത്തിക്കുന്നുണ്ട് നജീബ്. ലോകകപ്പ് ഖത്തറിന് അനുവദിക്കുന്നതിന്റെ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളിലും ഹമ്മാമിനൊപ്പം സജീവമായ അദ്ദേഹം നിലവില്‍ ഹമ്മാമിനൊപ്പം ഫിഫയുടെ വിലക്ക് നേരിടുകയാണ്. ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റര്‍ ഖത്തറിന് ലോകകപ്പ് അനുവദിക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്ന ഘട്ടത്തിലാണ് ഖത്തര്‍ ലോകത്തെ ഞെട്ടിച്ച് ബിഡ് സ്വന്തമാക്കിയതെന്നും തുടക്കം മുതല്‍ ബ്ലാറ്റര്‍ ഖത്തറിനെതിരായിരുന്നുവെന്നും നജീബ് ചന്ദ്രികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. കാസ്റ്റിംഗ് വോട്ട് വേണ്ടി വന്നാല്‍ ഖത്തറിന് എതിരെ നിലപാട് സ്വീകരിക്കുമന്ന് വരെ ബ്ലാറ്റര്‍ പറഞ്ഞിരുന്നു. നേരത്തെ ഫിഫ തെരഞ്ഞെടുപ്പില്‍ സെപ് ബ്ലാറ്ററിന് അനുകൂലമായി രംഗത്തുവരികയും അദ്ദേഹത്തെ വിജയിപ്പിക്കുന്നതിന് മുന്നില്‍ നിന്ന് നയിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഹമ്മാം. എന്നാല്‍ പിന്നീട് ഖത്തറിന് ലോകകപ്പ് അനുവദിക്കുന്നതില്‍ ബ്ലാറ്റര്‍ തികച്ചും പ്രതികൂലമായ നടപടി സ്വീകരിച്ചു. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളേയും ഹമ്മാം തകര്‍ത്തെറിഞ്ഞു. ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങള്‍ തുടക്കം മുതല്‍ ഖത്തറിന് എതിരെ പ്രവര്‍ത്തിച്ചിരുന്നുവെന്നും നജീബ് വിശദീകരിച്ചു.
ഫിഫയുടെ ബിഡും ഖത്തറിന് ലഭിച്ച വോട്ടും
2008ലാണ് ഫിഫ 2022 ലോകകപ്പ് ഫുട്‌ബോളിനുള്ള അപേക്ഷ ക്ഷണിക്കുന്നത്. ഖത്തറിന് പുറമെ, ഓസ്‌ട്രേലിയ, അമേരിക്ക, ബെല്‍ജിയം, സ്‌പെയിന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ബിഡില്‍ പങ്കെടുത്തിരുന്നത്. ആദ്യഘട്ടത്തില്‍ തന്നെ ബെല്‍ജിയം പിന്‍മാറി. ആദ്യഘട്ട വോട്ടെടുപ്പില്‍ ലണ്ടനും സ്‌പെയിനും ഓസ്‌ട്രേലിയയും പുറത്തായി. അമേരിക്കയും ഖത്തറും മാത്രമായി ചുരുങ്ങി അവസാന ഘട്ടത്തില്‍. ഈ വോട്ടെടുപ്പില്‍ ഖത്തറിന് പൂര്‍ണ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 13 വോട്ട് ഖത്തറിനും 12 വോട്ട് അമേരിക്കക്കും കിട്ടി. ഈ സഹചര്യത്തില്‍ രണ്ടാം ഘട്ടവോട്ടെടുപ്പ് അനിവാര്യമായി. ഈ വോട്ടെടുപ്പില്‍ ഖത്തറിന് പതിനാല് വോട്ടും അമേരിക്കക്ക് എട്ടും ലഭിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ നടത്താനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആവശ്യമായ സ്‌റ്റേഡിയങ്ങള്‍ ഉണ്ടായിരുന്നില്ല. സാധാരണ ഗതിയില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത് ജൂണിലാണ്. ഈ സമയത്ത് ഖത്തറില്‍ കൊടും ചൂടായിരിക്കുമെന്നതായിരുന്നു ഖത്തറിന് ലോകകപ്പ് അനുവദിക്കരുത് എന്ന് വാദിച്ചവര്‍ ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം. സ്‌റ്റേഡിയങ്ങളെല്ലാം എയര്‍ കണ്ടീഷനാക്കും എന്നായിരുന്നു ഇതിന് ഖത്തര്‍ പറഞ്ഞ മറുപടി. നിശ്ചിത സമയത്തിനുള്ളില്‍ സ്‌റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നുള്ള സര്‍ക്കാറിന്റെ രേഖാമൂലമുള്ള ഉറപ്പ് ഖത്തര്‍ ഫിഫക്ക് നല്‍കി. പിന്നീട് നടന്നത് പോരാട്ടമായിരുന്നു. അതിവേഗത്തില്‍ ഖത്തര്‍ മുന്നോട്ടുപോയി. ഉടന്‍ മെട്രോ സര്‍വീസുകള്‍ പ്രവര്‍ത്തനസജ്ജമാവുകയും സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു.
ബ്ലാറ്ററെ പിന്തുണച്ച ഹമ്മാം; ഹമ്മാമിനെതിരെ ബ്ലാറ്റര്‍
1998ലേയും 2002ലേയും ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്ലാറ്ററെ ഹമ്മാം പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീട് ഫിഫ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു. പിന്നീട് ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാകുകയും മത്സരത്തില്‍നിന്ന് പിന്‍വാങ്ങുന്നതായി ഹമ്മാം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ബ്ലാറ്റര്‍ അടങ്ങിയിരുന്നില്ല. കരീബിയന്‍ അംഗങ്ങള്‍ക്ക് കൈക്കൂലി കൊടുത്തുവെന്ന് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോണ്‍കാകഫ് ജനറല്‍ സെക്രട്ടറിയുമായ ചക്ക് ബ്ലേസര്‍ മുഖേന ആരോപണമുണ്ടാക്കി. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടിന് പകരം കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. ഹമ്മാമിനെതിരെ ഇതോടെ കുറ്റം ചുമത്തി. മെയ് 29 ന് ഫിഫയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ അദ്ദേഹം ഹാജരായി. പിറ്റേന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ ബ്ലാറ്റര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2011 മെയ് 29ന്, കരീബിയന്‍ ഫുട്‌ബോള്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണ ഫലമായി, ഫിഫയുടെ എത്തിക്‌സ് കമ്മിറ്റി ബിന്‍ ഹമ്മാമിനെയും ജാക്ക് വാര്‍ണറെയും വിലക്കിയ കൂട്ടത്തില്‍ നജീബും ഉള്‍പ്പെട്ടു. നജീബിനും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നായിരുന്നു അവരുടെ കണ്ടെത്തല്‍. 2011 ജൂലൈ 23 ന്, പെട്രസ് ദമാസേബ് അധ്യക്ഷനായ ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെ അഞ്ചംഗ പാനല്‍ എല്ലാ ഫുട്‌ബോള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബിന്‍ ഹമ്മാമിനെയും നജീബിനെയും ആജീവനാന്തം വിലക്കി. വിലക്കിനെതിരെ ബിന്‍ ഹമ്മാം അപ്പീല്‍ നല്‍കിയെങ്കിലും ഫിഫ അപ്പീല്‍ കമ്മിറ്റി അത് നിരസിച്ചു. 2012 ഏപ്രില്‍ 1819 തീയതികളില്‍ ബിന്‍ ഹമ്മാം ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് കോര്‍ട്ടില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ അംഗീകരിച്ച കോടതി 2012 ജൂലൈ 19ന് അദ്ദേഹത്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കി. 2012 ഡിസംബറില്‍, എഎഫ്‌സിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ക്രമക്കേട് നടത്തിയെന്ന് വ്യാജമായി ആരോപിച്ച് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. രണ്ടാം ആജീവനാന്ത വിലക്കായിരുന്നു ഇത്. ഈ വിലക്കിന്റെ ഭാഗമായാണ് നജീബിന് എതിരെയും ഫിഫ നടപടി സ്വീകരിച്ചത്.
ലോക ഫുട്‌ബോള്‍ പുരോഗതിക്കായി ഹമ്മാമിന്റെ പരിശ്രമങ്ങള്‍; കോഡിനേറ്ററായി നജീബ്
ഫിഫ എക്‌സിക്യുട്ടീവ് അംഗമെന്ന നിലയില്‍ പ്രത്യേക പരിശ്രമങ്ങള്‍ നടത്തിയ വ്യക്തികൂടിയാണ് ഹമ്മാം. ഫുട്‌ബോളില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഫിഫ തുടക്കം കുറിച്ച ഗോള്‍ പ്രൊജക്ടിന്റെ ചെയര്‍മാനായിരുന്നു ഹമ്മാം. ഇതേ പ്രൊജക്ടിന്റെ കോര്‍ഡിനേറ്ററായി തനിക്ക് പ്രവര്‍ത്തിക്കാനവസരമുണ്ടായെന്നും നജീബ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ പര്യടനം നടത്തി.
നാല്‍പതു വര്‍ഷം മുമ്പ് ഖത്തറിലെത്തിയ നജീബ്, മുഹമ്മദ് ഹമ്മാമിന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനിയിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. 1975 ല്‍ ഹമ്മാം കെംകോ എന്ന കമ്പനി രൂപീകരിച്ചു. 1976ല്‍ അല്‍റയ്യാന്‍ ഫുട്‌ബോള്‍ ക്ലബിന്റെ പ്രസിഡന്റായ ഹമ്മാം അടുത്ത വര്‍ഷം രാജിവെച്ചു. 1991ലാണ് ഹമാം ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായത്. അതേവര്‍ഷം ഖത്തര്‍ ആദ്യമായി ഗള്‍ഫ് കപ്പ് നേടി. 1998ലാണ് ഹമാം എ.എഫ്.സി പ്രസിഡന്റായത്. ഹമാം എ.എഫ്.സി തലവനായിരിക്കെ, ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതില്‍ വിജയിച്ചു. ഓസ്‌ട്രേലിയയെ എ.എഫ്.സിയിലേക്ക് കൊണ്ടുവരുന്നതിലും മേല്‍നോട്ടം വഹിച്ചു. വിഷന്‍ ഏഷ്യ എക്‌സ്ട്രീം ക്ലബ്ബ് എന്ന വികസന പരിപാടിക്കും അദ്ദേഹം തുടക്കമിട്ടു. 1996 മുതല്‍ അദ്ദേഹം ഫിഫ എക്‌സിക്യൂട്ടീവ് അംഗമായി. 2011 ജനുവരി 5ന് അദ്ദേഹം വീണ്ടും എ.എഫ്.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2011 മെയ് 31 നും ജൂണ്‍ 1 നും ഇടയിലുള്ള 61ാമത് ഫിഫ കോണ്‍ഗ്രസില്‍ ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററിനെതിരെ താന്‍ മത്സരിക്കുമെന്ന് ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ ഹമ്മാം പ്രഖ്യാപിച്ചു. ‘ആളുകള്‍ മാറാന്‍ ശ്രമിക്കണം. മാറ്റം നല്ലതാണ്’ ഹമ്മാം പറഞ്ഞു. പരിചയമുള്ള ഒരു വ്യക്തിയാണ് ബ്ലാറ്റര്‍, ലോകമെമ്പാടുമുള്ള ഫുട്‌ബോളിന് അദ്ദേഹം കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ എല്ലാത്തിനും സമയപരിധിയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫിഫ ആദരിച്ച ഹമ്മാം
ലോകത്തെ പല രാഷ്ട്രങ്ങളും ആദരിച്ച കായിക സംഘാടകനാണ് എഴുപത്തിമൂന്നുകാരനായ ഹമ്മാം. എന്തിനധികം ഫിഫ ഫസ്റ്റ്ക്ലാസ്സ് ദി മെരിറ്റ് മെഡല്‍ നല്‍കി ഹമ്മാമിനെ ആദരിച്ചിട്ടുണ്ട്. ലെബനാന്‍, കംബോഡിയ, ജോര്‍ദ്ദാന്‍, മൊറോക്കോ, സുഡാന്‍, യെമന്‍, നേപ്പാള്‍, ഉസ്ബക്കിസ്ഥാന്‍, ജിബൂട്ടി, ലാവോസ്, ബാങ്കോക്ക്, കൊറിയ, മംഗോളിയ, സിയോള്‍, ഫലസ്തീന്‍ തുടങ്ങിയ അനേകം രാഷ്ട്രങ്ങള്‍ ഔദ്യോഗികമായും അല്ലാതേയും അദ്ദേഹത്തിന് അവാര്‍ഡുകളും ബഹുമതികളും നല്‍കിയിട്ടുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ സിവിലയന്‍ ബഹുമതിയായ ഫസ്റ്റ് സായിദ് മെഡല്‍ ഹമ്മാമിനെ തേടിയെത്തി. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിലും നിയമത്തില്‍ ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ഖത്തറില്‍ മന്ത്രിപദവിയുള്ള വ്യക്തിത്വമാണദ്ദേഹം. ഹമ്മാമിന്റെ നിഴല്‍പോലെ കൂടെയുള്ള നജീബ് ഇപ്പോള്‍ ആസ്‌പെയര്‍ അക്കാദമിയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ റഹ്ന നജീബ്, മക്കളായ ലുബിന നജീബ്, നവീദ് നജീബ് എന്നിവര്‍ക്കൊപ്പം ദോഹയില്‍ താമസിക്കുന്നു.