തിരുവനന്തപുരം: മലയാളിയുടെ അഭിമാനം വാനോളം ഉയര്‍ന്ന നിമിഷം. തുമ്പയിലെ വിക്രംസാരാഭായ് സ്‌പേസ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍വച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആ പ്രഖ്യാപനം. ഗഗന്‍യാന്‍ യാത്ര സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ നയിക്കുമെന്ന് നരേന്ദ്രമോദി ഔദ്യോഗികമായി അറിയിച്ചു.
പ്രശാന്ത് നായരെ കൂടാതെ ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് മറ്റ് മൂന്നു പേർ. ഇന്ന് തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ (VSSC) നടന്ന ചടങ്ങിലാണ് പേരുകൾ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാത്രികരുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത് നായർ. നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് സേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ് ഇദ്ദേഹം.
യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിരുന്നു.