അഖിലേന്ത്യാ കെ.എം.സി.സി നേതാവ് കൂടിയായ അഷ്‌റഫ് പടിഞ്ഞാറേക്കര പറയുന്നു
സുബഹ് ബാങ്ക് വിളിക്കുന്നതിന്റെ മുമ്പ് തന്നെ വയറിലെ ചെറിയ വേദന ഉറക്കം ഉണര്‍ത്തുമായിരുന്നു. എല്ലാവരും എത്തുന്നതിന്റെ മുമ്പേ പള്ളിയില്‍ എത്തിയാല്‍. ഉസ്താദ് തലേദിവസം ബാക്കി വെച്ച ഭക്ഷണം കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് വേഗത്തില്‍ പള്ളിയില്‍ പോവും. ആ ഭക്ഷണത്തിന് രുചിയും കൂടും.
പിന്നീട് വീട്ടിലെ ദാരിദ്ര്യം ബോംബെയിലേക്ക് വണ്ടി കയറുവാന്‍ എന്നെ നിര്‍ബന്ധിതനാക്കി- അഷ്‌റഫ് പറയുന്നു.
ബോംബെയുടെ തെരുവുകളിളും വിശപ്പായിരുന്നു കൂട്ട്. അവിടെ നിന്ന് കാലം ചെന്നൈയില്‍ എത്തിച്ചു. ഇന്ന് നല്ല ഭക്ഷണം, വസ്ത്രം കിട്ടുന്നുവെങ്കിലും മനസ്സിനെ വേദനിപ്പിക്കുന്ന കാഴ്ചകളാണ് കണ്ണിന് മുന്നിലുള്ളത്.
റോഡില്‍ കിടക്കുന്നവരെ കാണുമ്പോഴെക്കെ പഴയ ഓര്‍മ്മകള്‍ എന്നിലേക്ക് ഓടിയെത്തും. ആ ചിന്ത അവര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന് മനസ്സ് മന്ത്രിച്ച് കൊണ്ടിരുന്നു. അങ്ങനെയാണ് ഞാന്‍ 2021 ജനുവരി മുതല്‍ വിശക്കുന്നവര്‍ക്ക് ഒരു നേരമെങ്കില്‍ ഒരു നേരം ഹോട്ടലുകളില്‍ ബാക്കി വരുന്ന ഭക്ഷണം പാഴാക്കാതെ റോഡരികില്‍ കിടക്കുന്നവര്‍ക്ക് എത്തിച്ച് നല്‍കാന്‍ തുടങ്ങിയത്. ദൈവത്തിന് നന്ദി. എന്റെ പ്രയത്‌നം വെറുതെയായില്ല ഞാന്‍ നില്‍ക്കുന്ന ചെന്നൈ OMR ECR പ്രദേശത്തെ നല്ലവരായ ആളുകള്‍ എന്നോട് നല്ല. രീതിയില്‍ സഹകരിച്ചു. ഇന്നും തുടര്‍ന്നു കൊണ്ട് പോവാന്‍ സാധിക്കുന്നു അദ്ദേഹം പറഞ്ഞു.
മലപ്പുറം തവന്നൂര്‍ പുറത്തൂര്‍ അണ്ടിപ്പാട്ടില്‍ മരക്കാറിന്റെ മകനായ അഷ്റഫ് പടിഞ്ഞാറേക്കര കഴിഞ്ഞ 20 വര്‍ഷമായി ചെന്നെയിലെ സജീവ സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസുകാരനുമാണ്. കോവിഡ് കാലത്ത് ചെന്നെ ഒ.എം.ആര്‍ മേഖലയിലും മറ്റും തനിച്ചാണ് ഭക്ഷണ ചികിത്സാ സഹായം നല്‍കിയത്. മുസ്‌ലിം ലീഗ്, കെ.എം.സി.സി, സമസ്ത തുടങ്ങിയവയിലെ സജീവ സാന്നിധ്യമായ അഷ്‌റഫ് കഴിഞ്ഞ മുസ്ലിം ലീഗ് ചെന്നൈ വജ്രജൂബിലി സമ്മേളനത്തിന്റെ സംഘാടകരിലൊരാളായിരുന്നു.