മൈസൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അങ്കമാലി സ്വദേശിയുടെ മര്‍ദ്ദനം. നിയമ വിദ്യാര്‍ത്ഥികളായ മലയാളി വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് സ്വദേശികളാണ്. വിദ്യാര്‍ത്ഥികള്‍ പാര്‍ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഭക്ഷണത്തിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.
കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്. ഇവര്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അങ്കമാലി സ്വദേശി ഷൈന്‍ പ്രസാദുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിലേക്ക് വഴിവിട്ടത്. കഴിഞ്ഞ ബുധനാഴചയാണ് സംഭവം നടന്നത്. വിളമ്പിയ ഭക്ഷണത്തിനും, വെള്ളത്തിനും വൃത്തിയില്ലെന്ന് ആരോപിച്ചാണ് ഹോട്ടലില്‍ വന്ന ഷൈന്‍ ആദ്യം പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ഇന്നലെ രാത്രി കൂടുതല്‍ ആള്‍ക്കാരുമായി ഇയാള്‍ വീണ്ടും ഹോട്ടലില്‍ എത്തി. പിന്നാലെ വിദ്യാര്‍ത്ഥികളെ ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചെന്നാണ് പരാതി.
ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മൈസൂരു സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .