X

ദക്ഷിണ കൊറിയന്‍ വിമാനത്താവളത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

ചെറുതോണി: ദക്ഷിണ കൊറിയയില്‍ മലയാളി ഗവേഷക വിദ്യാര്‍ത്ഥിനി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെ മകള്‍ ലീജ ജോസ് (28) ആണ് മരിച്ചത്. നാലു വര്‍ഷമായി ദക്ഷിണ കൊറിയയിലാണ് ഇവര്‍.

ഫെബ്രുവരിയില്‍ അവധിക്ക് നാട്ടില്‍ വന്നിരുന്നു. എന്നാല്‍ കോവിഡ് വ്യാപകമായതിനാല്‍ നിശ്ചയിച്ചിരുന്ന സമയത്ത് തിരിച്ചു പോകാന്‍ ആയില്ല. ഓഗസ്റ്റ് ആറിനാണ് തിരിച്ചുപോയത്. സെപ്റ്റംബറില്‍ വിസാ കാലാവധി തീരുന്നതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു മടക്കം. കൊറിയയില്‍ എത്തി 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വന്നിരുന്നു.

അതിനിടെ ശാരീരിക അസ്വസ്ഥകള്‍ ഇവരെ അലട്ടിയിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷവും അസുഖം ഭേദമാകാത്തതിനാല്‍ നാട്ടിലേക്ക തിരിച്ചു പോരാന്‍ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍ ലീജോ, ലീനോ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനായി എംപിമാരായ ഡീന്‍ കുര്യാക്കോസ്, അല്‍ഫോണ്‍സ് കണ്ണന്താനം, റോഷി അഗസ്റ്റിന്‍ എം.എല്‍.എ എന്നിവര്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

Test User: