ഗുജറാത്തില്‍ മലയാളി അഭിഭാഷകയെ കാണാതായതായി പരാതി. ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകയായ ഷീജ ഗിരീഷിനെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഷീജയെ കാണാതായത്. ഇതേത്തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി.
കേസിന്റെ ആവശ്യത്തിനായാണ് ഇവര്‍ മുംബൈയിലേക്ക് പോയതെന്നാണു വിവരം. തിങ്കളാഴ്ച രാവിലെ 7.10ന് ഗുജറാത്ത് എക്‌സ്പ്രസിലാണ് ഷീജ ഗിരീഷ് നായര്‍ അഹമ്മദാബാദില്‍നിന്നു മുംബൈയിലേക്കു പോയത്. രണ്ടു പെണ്‍മക്കളുടെ അമ്മയായ ഷീജ അന്ന് ഉച്ചയ്ക്കു വീട്ടിലേക്കു ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
വാപി എത്തിയെന്നു പറഞ്ഞാണ് ഏറ്റവും ഒടുവില്‍ വിളിച്ചത്. മൂന്നു മണിക്ക് മുംബൈയില്‍ എത്തിയശേഷം വിളിക്കാമെന്നു പറഞ്ഞാണ് ഫോണ്‍ വച്ചത്. പക്ഷേ പിന്നീട് ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. രാത്രി ഏഴരയോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായും കുടുംബം പരാതിയില്‍ വ്യക്തമാക്കുന്നു. അഭിഭാഷക മുംബൈയില്‍ എത്തിയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.