X

പാണക്കാട് കുടുംബത്തെ ആക്ഷേപിക്കുന്നത് മലയാളികള്‍ അംഗീകരിക്കില്ല: സന്ദീപ് വാര്യര്‍

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

മതനിരപേക്ഷതയുടെ പ്രതീകമായ പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ പോയപ്പോള്‍ തനിക്ക് ലഭിച്ച സ്വീകരണം മുഖ്യമന്ത്രിയെ ഇങ്ങനെ വിറളി പിടിപ്പിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് സന്ദീപ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇത് വലിയൊരു സന്ദേശമല്ലേ കേരളത്തിന് കൊടുക്കുന്നതെന്ന് പറഞ്ഞ സന്ദീപ്, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ, പാര്‍ട്ടി സെക്രട്ടറിയല്ലല്ലോ. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം സന്തോഷിക്കുകയല്ലേ വേണ്ടത്. നന്മയുടെ സന്ദേശം പുറത്തേക്കുവരുന്ന ഒരു കൂടിച്ചേരല്‍ കാണുമ്പോള്‍ മനസില്‍ നന്മയുണ്ടെങ്കില്‍ അദ്ദേഹം സന്തോഷിക്കുകയാണ് വേണ്ടത്. എന്നെ എന്തുവേണമെങ്കിലും വിമര്‍ശിച്ചോട്ടെ. ഞാനൊരു സാധാരണക്കാരനാണ്. ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമാണ്.

ഇന്നലെവരെ ബിജെപിയില്‍ ഉണ്ടായിരുന്നയാളാണ്. എന്നെ എന്തുവേണമെങ്കിലും പറയാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ കേരളം മുഴുവന്‍ ബഹുമാനിക്കുന്ന പാണക്കാട്ടെ തങ്ങളെക്കുറിച്ച് എന്തിനാണ് ഇങ്ങനെ ആക്ഷേപകരമായിട്ട് സംസാരിക്കുന്നത്. വളരെ മോശമല്ലേ. മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോ അത്. ആ കുടുംബത്തെ ആക്ഷേപിക്കുന്നത് ഒരിക്കലും മലയാളികള്‍ അംഗീകരിക്കില്ല – സന്ദീപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സാദിഖലി ശിഹാബ് തങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ജമാ അത്തെ ഇസ്ലാമി അനുയായിയെപ്പോലെയാണ് സാദിഖലിയെന്ന് ആരോപിച്ച മുഖ്യമന്ത്രി, മുന്‍പത്തെ പാണക്കാട് തങ്ങന്മാര്‍ സാദിഖലിയെപ്പോലെ ആയിരുന്നില്ലെന്ന താരതമ്യവും നടത്തി.

webdesk13: