X

ലഹരികടത്ത് കെണിയില്‍പെട്ട് ഖത്തര്‍ ജയിലില്‍ മൂന്ന് യുവാക്കള്‍ : നാട്ടിലെ സംഘത്തിന്റെ വിവരം കൈമാറിയിട്ടും നടപടിയെടുക്കാതെ കേരളാ പൊലീസ്

കൊച്ചി: ലഹരികടത്ത് സംഘത്തിന്റെ കെണിയില്‍പെട്ട് വിദേശത്ത് തടവിലായ യുവാക്കളുടെ കേസില്‍ കേരളാ പൊലീസിന്റെ ഗുരുതരവീഴ്ച. ലഹരികടത്ത് സംഘത്തിലെ പ്രതികളുടെ വിവരങ്ങള്‍ കെണിയില്‍പെട്ട് അകത്തായവരുടെ കുടുംബങ്ങള്‍ നല്‍കിയിട്ടും കേസില്‍ ഇതുവരെ ഒരാളെ പോലും പൊലീസ് പിടികൂടിയിട്ടില്ല. മാത്രവുമല്ല, പിടിയിലായവരെ വിട്ടയക്കുകയും ചെയ്തു.ഖത്തര്‍ ജയിലില്‍ കഴിയുന്ന യുവാക്കളുടെ മോചനം സാധ്യമാകാണമെങ്കില്‍ ലഹരികടത്തിന്റെ നാട്ടിലെ കണ്ണികളെ പിടികൂടിയാലേ സാധ്യമാകൂ എന്നിരിക്കെയാണ് പൊലീസിന്റെ കടുത്ത അനാസ്ഥ. ലഹരികടത്തിന്റെ പേരില്‍ ചതിയില്‍പ്പെട്ട് ഖത്തര്‍ ജയിലില്‍ കഴിയുന്നവരുടെ ശബ്ദരേഖ മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടു.

ലഹരി ഏല്‍പിച്ചുവിട്ടവരെ ഇവിടെ പിടികൂടിയാലേ അവിടെ ജയിലില്‍ കഴിയുന്ന മക്കളുടെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകൂയെന്ന് ഔദ്യോഗികമായി അധികൃതര്‍ യുവാക്കളുടെ കുടുംബങ്ങളെ അറിയിച്ചിരുന്നു. ഈ വിവരം ഡിജിപി അടക്കം പൊലീസ് ഉന്നതരെ അറിയിച്ചിട്ടും പൊലീസ് അനാസ്ഥ തുടര്‍രുകയായിരുന്നു. എന്നാല്‍ പൊലീസില്‍ പ്രതീക്ഷയര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് തിരിച്ചടി നേരിടുകയായിരുന്നു. രണ്ട് മാസത്തിലേറെ കാത്തിരുന്ന ശേഷം പിടിയിലായവരുടെ മൂന്ന് അമ്മമാരും ചേര്‍ന്ന് മക്കള്‍ക്ക്് നീതി ലഭിക്കാനായി സി.ബി.ഐ അന്വേഷണത്തിനണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടപെട്ട ശേഷം സംഭവത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് നടപടിയുണ്ടാവുകയായിരുന്നു.

സംഭവത്തെ കുറിച്ച് ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ഇങ്ങനെ:

അങ്കമാലിക്കാരന്‍ ആഷിഖ് ആഷ്‌ലിയുടെ ബാഗില്‍ ലഹരിമരുന്ന് വച്ചുകൊടുത്തത് വീസയെടുത്ത് കൊടുത്ത് തൊഴില്‍ അന്വേഷിക്കാമെന്ന് വിശ്വസിപ്പിച്ച് ഖത്തറിലേക്ക് അയച്ച സംഘം തന്നെയാണ്. കാസര്‍കോട്ട് ഒരു മലയുടെ മുകളിലെ ഫാമില്‍ നിന്നാണ് അവര്‍ ബാഗ് എടുത്തുതന്നതെന്നും കാറില്‍ പോയതിനാല്‍ അവിടേക്കുള്ള വഴി അറിയില്ലായെന്നും ഖത്തര്‍ വിമാനത്താവളത്തില്‍ പിടിയിലായ ശേഷം ജയിലില്‍ നിന്ന് ആഷിഖ് അമ്മയെ വിളിച്ച് പറഞ്ഞിരുന്നു.

തന്റെ മകന്‍ കെണിയില്‍പ്പെട്ടതറിഞ്ഞ ആഷ്‌ലിയുടെ അമ്മ ഉഷാകുമാരി മകന്‍ പറഞ്ഞ വ്യക്തമായ വിവരവും സംഘത്തിലുള്ളവരുടെ പേരും സഹിതം അങ്കമാലി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പേരിന് ഒരു കേസെടുത്ത പൊലീസിന്റെ ഭാഗത്തു നിന്ന് പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. പരാതിയില്‍ പേര് പറഞ്ഞ് പരാമര്‍ശിച്ച ലഹരികടത്ത് സംഘത്തെ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ക്ലിന്‍ചിറ്റ് നല്‍കി വിട്ടയച്ചു എന്നാണ് ഉഷാകുമാരി പിന്നീട് അറിഞ്ഞത്.

ചെങ്ങന്നൂരില്‍ നിന്നുള്ള ആദിത്യ മോഹന് വീസയെടുത്ത് കൊടുത്ത സംഘം അച്ചാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരി ബാഗില്‍ ഒളിപ്പിച്ചത്.
ആദിത്യ ഖത്തറില്‍ ജയിലിലായ ശേഷം അമ്മ ഇന്ദിരാ ദേവി നല്‍കിയ പരാതിയില്‍ കേസെടുത്തു, പക്ഷെ ഒരു നടപടിയുമില്ല. അതേസമയം എരുമേലിക്കാരന്‍ കെവിന്‍ മാത്യുവിന് വീസയെടുത്ത് കൊടുത്ത സംഘം ഭക്ഷ്യവസ്തുക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരി ബാഗേജില്‍ വച്ചുകൊടുത്തത്. മകന്‍ ഖത്തറില്‍ പിടിയിലായ ശേഷം അമ്മ റോസമ്മ മാത്യു നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ഒരുമാസം മുന്‍പ് കോട്ടയം എസ്പിയെ നേരില്‍കണ്ടപ്പോള്‍ അപമാനിച്ച് ഇറക്കിവിട്ടു എന്നുമാണ് റോസമ്മ മാത്യുവിന്റെ പരാതി.

chandrika: