വണ്ടൂര്‍:ബംഗളുരു മൈസൂര്‍ പാതയില്‍ വെച്ച് മലയാളി വിദ്യാര്‍ഥികളെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്കെന്നും അക്രമ കാരണം അറിയില്ലെന്നും വിദ്യാര്‍ഥികള്‍.ബംഗളുരുവില്‍ പ്രൊഡക്ട് ഡിസൈനിങ്ങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തിരുവാലി കിഴക്കേവീട്ടില്‍ മാത്യുവിന്റെ മകന്‍ 21 കാരനായ ബരാക്ക് മാത്യു, മൈസൂരു ബെന്നിമണ്ഡപത്തെ കോളജിലെ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥി തിരുവാലി പത്തിരിയാല്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്തിന്റെ മകന്‍ 20 കാരനായ ആരോണ്‍ എബിന്‍ രഞ്ജിത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
25ന് വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ആരോണിന്റെ സഹോദരിയുടെ നഴ്‌സിങ്ങ് പ്രവേശനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ കോളജില്‍ നിന്നും സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് മാണ്ഡ്യക്ക് സമീപത്തു വെച്ച് ഇവര്‍ അക്രമിക്കപ്പെട്ടത്. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബെക്ക് പെട്ടെന്ന് റോഡിനു കുറുകെയിട്ട് രണ്ടംഗ സംഘം ഇവരെ ബൈക്കില്‍ നിന്നും വലിച്ചു താഴെയിട്ടു. ഇതേ സമയം തന്നെ അഞ്ചെട്ട് പേര്‍ റോഡിന്റെ പല ഭാഗത്തു നിന്നുമെത്തി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
കാരണങ്ങളൊന്നും പറയാതെ മര്‍ദനം തുടര്‍ന്ന ഇവര്‍ സ്‌കൂട്ടര്‍ ചവിട്ടി നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇരുവരും സ്‌കൂട്ടറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്തുടര്‍ന്നെത്തി അക്രമം തുടര്‍ന്നു. സ്‌ക്രൂഡ്രൈവറും ഇരുമ്പു കമ്പിയുമുപയോഗിച്ചുള്ള അക്രമത്തില്‍ മുഖത്തും കണ്ണിനും പരിക്കേറ്റു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഇതു വലിച്ചൂരി വലിയ കല്ലെടുത്ത് തലയിലേക്കെറിയാന്‍ പലയാവര്‍ത്തി അക്രമി സംഘം ശ്രമിച്ചതായും ഇവര്‍ പറയുന്നു. ഇതിനിടയില്‍ നാട്ടുകാരെന്ന് കരുതുന്ന ചിലര്‍ വന്നാണ് ഇവരെ രക്ഷപ്പെടാന്‍ അനുവദിച്ചത്. ബാഗിലുണ്ടായിരുന്ന ലാപ്‌ടോപ്പും ഐപാഡും തകര്‍ത്തു. അക്രമ കാരണം എന്താണെന്ന് അറിയില്ലെന്ന് ഇവര്‍ പറഞ്ഞു.
പിന്നീട് മൈസുരുവില്‍ നിന്നും ബസില്‍ നാട്ടിലെത്തിയ ഇവര്‍ പരാതി നല്‍കാന്‍ പോലും ഭയന്നിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇത്തരത്തില്‍ ഹൈവേ കവര്‍ച്ച നടത്തുന്ന ഏഴംഗ മലയാളി സംഘത്തെ ഇതേ സ്ഥലത്തു വെച്ച് കഴിഞ്ഞ ദിവസം മാണ്ഡ്യ പൊലീസ് അറസ്റ്റു ചെയ്ത വാര്‍ത്ത അറിയുന്നത്.തങ്ങളെ അക്രമിച്ചവരുടെ പ്രായം പരിഗണിക്കുമ്പോള്‍ ഇവരായിരിക്കാനുള്ള സാധ്യത ഇവര്‍ പങ്കു വെച്ചതോടെ പൊതു പ്രവര്‍ത്തകനും നാഷണല്‍ സോഷ്യല്‍ ജസ്റ്റിസ് ആന്റ് എണ്‍വിയോണ്‍മെന്റ് ഫോറം ദേശീയ വൈസ് ചെയര്‍മാനുമായ ഷാജഹാന്‍ പത്തിരിയാല്‍ ഇടപെട്ടാണ് എടവണ്ണ പൊലീസില്‍ പരാതി നല്‍കിയത്.